25 April Thursday

തെയ്യം, ഒപ്പന, മാർഗംകളി... കാണാം, പഠിക്കാം തനതുകലകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

1) വർക്കല ഗസ്റ്റ് ഹൗസ് വളപ്പിലൊരുങ്ങിയ രം​ഗകലാകേന്ദ്രം 2) കലാകേന്ദ്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍

തിരുവനന്തപുരം 
ഒപ്പനമുതൽ അ​ഗ്നിക്കാവടിവരെ കേരളത്തി​ന്റെ തനതുകലകൾ ഇനി ആർക്കും പഠിക്കാം, ആസ്വദിക്കാം. അതിനു മാത്രമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു രം​ഗകലാകേന്ദ്രം ഒരുങ്ങി വര്‍ക്കലയില്‍. ഫെബ്രുവരി അവസാനം നാടിന് സമര്‍പ്പിക്കുന്ന രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോർമിങ് ആർട്‌സ്) 10 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 
 
സർപ്പപ്പാട്ട്, തുള്ളൽ, പടയണി, അർജുന നൃത്തം, ചവിട്ടുനാടകം, മാർഗംകളി, തീയാട്ടുകൾ, തെയ്യം–-തിറകൾ എന്നിങ്ങനെ കലകളെ ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള വർക്കല ഗസ്റ്റ് ഹൗസി​ന്റെ രണ്ട് ഏക്കറില്‍ 13,000 ചതുരശ്രയടി വിസ്‌തൃതിയിലാണ് കേരളത്തനിമയുള്ള കലാകേന്ദ്രം.  
 
കൂത്തമ്പലം മാതൃകയിൽ പെർഫോമൻസ് ഹാൾ, കളരിത്തറ, പരമ്പരാഗത ശൈലിയിലെ ആനപ്പള്ള മതിൽ, താമരക്കുളം, ആംഫി തിയറ്റർ, ഫെസിലിറ്റേഷൻ, നീന്തൽ കുളം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ-_- ആധുനിക കലാരൂപങ്ങളുടെ താരതമ്യപഠനം എന്നിവയ്ക്കും അവസരമുണ്ട്. വിദേശങ്ങളിൽ നിന്നെത്തുന്നവർക്കുൾപ്പെടെ തനതായ കലകൾ ആസ്വദിക്കാനും പഠിക്കാനുമാകും. ക്ലാസുകൾ കൈകാര്യം ചെയ്യാൻ മികച്ച അധ്യാപകരും സജ്ജമാണ്. 
 
വർക്കലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ച വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡിന്റെ നിർദേശപ്രകാരം ആർക്കിടെക്ട് ബി സുധീറാണ് കലാകേന്ദ്രത്തിന് രൂപരേഖ ഒരുക്കിയത്. അടൂർ ഗോപാലകൃഷ്ണനാണ് സെന്റർ ഫോർ പെർഫോമിങ്‌ ആർട്സ് സെന്ററിന്റെ ഗവേണിങ്‌ ബോഡി ചെയർമാൻ.
ഭാവിയിൽ സിംഗപ്പൂരിലെ അസോസിയേഷൻ ഓഫ് ഏഷ്യാ പസഫിക് പെർഫോമിങ്‌ ആർട്സ് സെന്ററുമായി സഹകരിച്ച് ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് രംഗകലാ കേന്ദ്രത്തിനെ ഉയർത്താനും പദ്ധതിയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top