29 March Friday

മനോരമ വധം: കത്തി കണ്ടെടുത്തു

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

തെളിവെടുപ്പിനായി പ്രതി ആദം അലിയെ മനോരമയുടെ വീട്ടിലെത്തിച്ചപ്പോൾ

തിരുവനന്തപുരം
കേശവദാസപുരം മനോരമ വധക്കേസിൽ പ്രതി ആദം അലിയുമായി അന്വേഷകസംഘം തെളിവെടുപ്പ്‌ നടത്തി. മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. 
ഓടയിൽനിന്നാണ്‌ കത്തി കണ്ടെത്തിയത്‌. മനോരമയെ കൊന്ന്‌ തള്ളിയ കിണറിന്‌ സമീപം, ആയുധം ഒളിപ്പിച്ച ഇടം എന്നിവിടങ്ങളിലെല്ലാം പ്രതിയെ എത്തിച്ചു. കൊല നടത്തിയരീതി വിശദമായി ഇയാൾ വ്യക്തമാക്കി. നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന വീടിന്‌ സമീപത്തെ ഓടയ്‌ക്ക്‌ സമീപമുള്ള പൈപ്പിനരികിൽ ഒളിപ്പിച്ച കത്തിയെപ്പറ്റിയും ഇ യാൾ വിവരം നൽകി. പൊലീസിന്റെ തിരച്ചിലിൽ കത്തി ലഭിച്ചു. പ്രതി കവർന്ന ആഭരണങ്ങൾക്കുവേണ്ടിയും ഇവിടെയെല്ലാം വിശദമായി പരിശോധിച്ചെങ്കിലും ലഭിച്ചില്ല. മനോരമയെ വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ ഈ കത്തി കൈയിൽ കരുതിയാണ്‌ സംഭവദിവസം ആദം വീട്ടിലെത്തിയത്‌. വരുംദിവസങ്ങളിൽ ആഭരണമടക്കം കണ്ടെത്താനാകും ശ്രമം.
ഒളിപ്പിച്ചത്‌ പൈപ്പിൽ; 
ഒഴുകിപ്പോയില്ല
കൊല്ലാൻ ഉപയോഗിച്ച കത്തി ആദം ആദ്യം ഒളിപ്പിച്ചത്‌ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഇത്‌ ഓടയിലേക്ക്‌ വീണു. വെള്ളം ഒഴുകുന്ന ഓടയാണിത്‌. എന്നാൽ, ശക്തമായ ഒഴുക്കില്ലാതിരുന്നതിനാൽ ഒഴുകിപ്പോയില്ല. 
ആദ്യം താഴ്‌ന്നില്ല; 
പിന്നെ കല്ലുകെട്ടി
മനോരമയെ കൊന്ന ശേഷം ആദം ഇവരെ കിണറ്റിൽ തള്ളിയെങ്കിലും ആദ്യം ശരീരം വെള്ളത്തിൽ പൂർണമായി താഴ്‌ന്നില്ല. ഇതോടെയാണ്‌ കാലിൽ ചുടുകട്ടകൾ കെട്ടാൻ തീരുമാനിച്ചത്‌. സമീപത്തുനിന്ന്‌ കല്ലുകൾ ശേഖരിച്ച്‌ അടുക്കി മനോരമയുടെ കാലിൽ കെട്ടി. ഇത്തവണ പൂർണമായി മുങ്ങി. ഇത്‌ ഉറപ്പാക്കിയശേഷമാണ്‌ കിണറിന്‌ അടുത്തുനിന്ന്‌ മടങ്ങിയത്‌. താമസസ്ഥലത്തെത്തി രക്തക്കറ കഴുകി വസ്‌ത്രം മാറിയാണ്‌ ആദം കടന്നത്‌.
വൻ ജനരോഷം
തെളിവെടുപ്പിനിടെ പ്രതിക്കെതിരെ വൻ ജനരോഷം. പ്രതി ആദം അലിയെ കൈയേറ്റംചെയ്യാൻ മുതിർന്ന നാട്ടുകാരെ പൊലീസ്‌ ഇടപെട്ടാണ്‌ ശാന്തരാക്കിയത്‌. ആദവുമായി തെളിവെടുപ്പിന്‌ എത്തുന്നതറിഞ്ഞ്‌ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. 
സഹകരിക്കണമെന്നും പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും പൊലീസ്‌ നാട്ടുകാരോട്‌ നിർദേശിച്ചിരുന്നു. എന്നാൽ, പ്രതിയുമായി വാഹനം എത്തിയതോടെ ജനരോഷം അണപൊട്ടി. 
ചീത്ത വിളികളും ആക്രോശങ്ങളും മുഴക്കി. പ്രതി കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ നിയന്ത്രണംവിട്ടു. ആദം അലിയെ കൈയേറ്റം ചെയ്യാൻ മുതിർന്നു. പൊലീസ്‌ നാട്ടുകാരെ നീക്കി.
തെല്ലും പതർച്ചയില്ലാതെ
തെളിവെടുപ്പിന്‌ എത്തിച്ചപ്പോൾ നിസ്സംഗതയായിരുന്നു ആദം അലിക്ക്‌. പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ പൂർണമായി സഹകരിച്ചു. ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. സ്ഥലത്ത്‌ വൻ ജനക്കൂട്ടവും പ്രതിഷേധവുമുണ്ടായിട്ടും ആദമിന്‌ പേടിയോ ആശങ്കയോ ഉണ്ടായില്ല. തൊണ്ടി കണ്ടെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയും നാട്ടുകാരെയുമെല്ലാം സാകൂതം വീക്ഷിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top