20 April Saturday

ചാരായവും കഞ്ചാവും വന്യമൃഗങ്ങളുടെ 
ശരീരഭാഗങ്ങളുമായി 2പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Tuesday Oct 12, 2021
വിതുര
വൈദ്യശാലയുടെ മറവിൽ ചാരായ നിർമാണവും കഞ്ചാവ് വിൽപ്പനയും തൊഴിലാക്കിയവർ വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങളുമായി അറസ്റ്റിൽ. ചാരായവും കഞ്ചാവും വെടിയുണ്ടയും ഇവരിൽനിന്ന് കണ്ടെടുത്തു. വിതുര ജങ്ഷനിൽ അഗസ്ത്യ എന്ന ആയുർവേദ വൈദ്യശാല നടത്തുന്ന പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായി കല്ലുവെട്ടാൻകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരാണ് അറസ്റ്റിലായത്. 
വിക്രമ​ന്റെ വീട്ടിൽ നിന്നും അരക്കിലോ കഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകൾ, മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ എന്നിവയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. സഞ്ജുവി​ന്റെ വീട്ടിൽനിന്നാണ് മുപ്പതോളം വെടിയുണ്ടകളും 20 ലിറ്ററോളം ചാരായവും 100 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ വനം അധികൃതർക്ക് കൈമാറി. 
ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തി​ന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പതിനഞ്ചോളം പൊലീസുകാർ മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പൊലീസെത്തുമ്പോൾ സഞ്ജു ചാരായ നിർമാണത്തിലായിരുന്നു. ഇവർ ഉപയോഗിച്ച ആയുധങ്ങളെയും ഉൾപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളെയും കഞ്ചാവി​ന്റെ  ഉറവിടത്തെപ്പറ്റിയുമുള്ള അന്വേഷണം നടക്കുന്നു.
ജില്ലാ പൊലീസ് മേധാവി പി കെ മധുവിന് ലഭിച്ച വിവരത്തെത്തുടർന്ന് നെടുമങ്ങാട് എഎസ്‌പി രാജ്പ്രസാദ്, വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ്എൽ സുധീഷ്, ഇർഷാദ്, സജു, സജികുമാർ, പ്രദീപ്, രജിത്, ശ്യാം, വിനു, അനിൽ, സുജിത് എന്നിവരാണ് അറസ്റ്റുചെയ്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top