17 April Wednesday
കടയ്ക്കാവൂർ പോക്സോ കേസ്‌

അമ്മ വിചാരണ നേരിടണമെന്ന്
മകന്‍ സുപ്രീംകോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
തിരുവനന്തപുരം 
കടയ്ക്കാവൂർ പോക്സോ കേസിൽ അന്വേഷകസംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സുപ്രീംകോടതിയിൽ. തന്റെ ഭാഗം കേട്ടില്ലെന്നും വിചാരണ നേരിടാൻ അമ്മയോട് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ്  സുപ്രീംകോടതിയെ സമീപിച്ചത്. 13 കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് വിവാദമായിരുന്നു. അറസ്റ്റിലായ അമ്മയ്‌ക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആരോപണം വ്യാജമെന്ന് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി തന്റെ വാദം കേട്ടില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും കാണിച്ചാണ് മകൻ സുപ്രീംകോടതിയെ സമീപിച്ചത്.
 
മാനസികാരോഗ്യ വിദഗ്ധരടക്കം എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. അമ്മയുടെ മൊബൈലിൽ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസലിങ്ങി ൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയവെ വീഡിയോ കാണുന്നത് ചോദ്യംചെയ്‌തപ്പോൾ രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top