19 March Tuesday
5‐ാം റാങ്കുമായി ഗൗതമൻ

യുപിഎസ്‌സി വിട്ട്‌ കെഎഎസ്‌

സ്വന്തം ലേഖികUpdated: Sunday Oct 10, 2021
തിരുവനന്തപുരം
കേരളത്തിൽത്തന്നെ സിവിൽ സെർവന്റായി ജോലി ചെയ്യണമെന്ന ആഗ്രഹം കെഎഎസിലൂടെ സാക്ഷാൽക്കരിച്ചിരിക്കുകയാണ്‌ എം ഗൗതമൻ. 
പേരൂർക്കട മണ്ണാംമൂല ദേവിശ്രീയിൽ പിആർഡി റിട്ട. അഡീഷണൽ ഡയറക്ടർ കെ മനോജ്‌കുമാറിന്റെയും റിട്ട. അധ്യാപിക  സുലേഖയുടെയും മകനായ എം ഗൗതമൻ കെഎഎസ്‌ സ്ട്രീം ഒന്നിൽ അഞ്ചാം റാങ്കോടെയാണ്‌ വിജയിച്ചത്‌. ചെന്നൈയിൽ നബാർഡിൽ അസി. മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ്‌ ഗൗതമന്റെ നേട്ടം. 
2015 മുതൽ യുപിഎസ്‌സി സിവിൽ സർവീസ്‌ പരീക്ഷയ്ക്കുവേണ്ടി പഠിച്ചിരുന്നു. നാല്‌ തവണയും മെയിൻ പരീക്ഷവരെ എത്തിയിരുന്നെങ്കിലും അഭിമുഖത്തിന്‌ യോഗ്യത നേടാനായില്ല. 2019 മുതൽ യുപിഎസ്‌സി വിട്ട്‌ പിഎസ്‌സി ഉൾപ്പെടെയുള്ള മറ്റു പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കെഎഎസ്‌ വിജ്ഞാപനം വന്നശേഷം അതിൽ മാത്രം ഊന്നിയായിരുന്നു പഠനം.
‘കേരളത്തിൽ സർവീസിൽ കയറണമെന്ന്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. യുപിഎസ്‌സി വിട്ടതോടെ കെഎഎസിനായി കഠിനാധ്വാനം ചെയ്തുപഠിച്ചു. സിവിൽ സർവീസിനു വേണ്ടി തയ്യാറെടുത്തതും പരീക്ഷയിൽ സഹായിച്ചു. ജോലിക്കൊപ്പം സമയം കണ്ടെത്തിയായിരുന്നു പഠനം.’ ഗൗതമൻ പറയുന്നു.
   പ്ലാനിങ്‌ ബോർഡിൽ റിസർച്ച്‌  അസിസ്റ്റന്റ്‌ ആയിരിക്കെയാണ്‌ കെഎഎസ്‌ മെയിൻ പരീക്ഷ എഴുതിയത്‌. ഹൈക്കോടതി അസിസ്റ്റന്റായും നേരത്തെ ജോലി നോക്കിയിരുന്നു. തിരുവനന്തപുരത്തെ ഒരു സിവിൽ സർവീസ്‌ അക്കാദമയിൽ അധ്യാപകനുമാണ്‌ ഗൗതമൻ. 
മലമുകൾ സെന്റ്‌ ഷാന്തൾസ്‌ സ്കൂൾ, മുക്കോലയ്ക്കൽ സെന്റ്‌ തോമസ്‌ സെൻട്രൽ സ്കൂൾ, ഐഐടി മദ്രാസ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്‌ സഹോദരൻ അച്യുതൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top