25 April Thursday
സമൂഹമാധ്യമത്തിലൂടെ സൗഹൃദം

പെൺകുട്ടികളുടെ സ്വർണവും പണവും തട്ടുന്ന യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Sunday Oct 10, 2021
ചിറയിൻകീഴ് 
സമൂഹമാധ്യമങ്ങൾവഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വർണവും തട്ടുന്ന യുവാവ് അറസ്റ്റിൽ. ചെന്നൈ അംബത്തൂർ ഡോ. രാജേന്ദ്രപ്രസാദ് സ്ട്രീറ്റിൽ ശ്യാമാ (28, ജെറി)ണ് ബം​ഗളൂരുവിൽ അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. 
ചെന്നൈയിലും ബം​ഗളൂരുവിലുമുള്ള വിവിധ ഐടി സ്ഥാപനങ്ങളുടെ വിലാസങ്ങൾ വ്യാജമായി നിർമിച്ചുനൽകിയാണ് തട്ടിപ്പ്. 
സ്വന്തം ചിത്രം ഫിൽറ്റർ ചെയ്ത് സുന്ദരനാക്കി സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്ക് സൗഹൃദ സന്ദേശങ്ങൾ അയക്കും. സൗഹൃദത്തിലൂടെ മൊബൈൽ ഫോൺ നമ്പരും നേടും. ചിത്രങ്ങൾ കൈക്കലാക്കിയശേഷം അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും കൈക്കലാക്കുക. വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് തട്ടിപ്പ്.  ഇത്തരത്തിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റൂറൽ എസ്പി പി കെ മധുവിന്റെ നിർദേശപ്രകാരം കടയ്ക്കാവൂർ ഐഎസ്എച്ച്ഒ വി അജേഷ്, എസ് എസ് ദീപു, ജയപ്രസാദ്, ശ്രീകുമാർ, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട്ടിലും കർണാടകത്തിലും അന്വേഷണം നടത്തിവരികയായിരുന്നു. 
തമിഴ് നാട്ടിലും  കർണാടകത്തിലും വിലാസം നൽകി ലോഡ്ജുകളിൽ റൂമെടുത്ത് മാറിമാറി താമസിക്കുകയായിരുന്നു പ്രതി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്നുള്ള സ്ഥാപനത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top