29 March Friday
ട്രോളിങ്‌ നിരോധനം

ചാകരക്കാലം പ്രതീക്ഷിച്ച് 
വിഴിഞ്ഞം തീരം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കോവളം > ട്രോളിങ്‌ നിരോധനം വെള്ളി അർധരാത്രി തുടങ്ങിയതോടെ ചാകരക്കാലം പ്രതീക്ഷിച്ച് വിഴിഞ്ഞം തീരം. ട്രോളിങ്‌ നിരോധനം തുടങ്ങിയതോടെ വിഴിഞ്ഞം തുറമുഖത്ത്‌ പരമ്പരാഗത മീൻപിടിത്ത സീസൺ ആരംഭിക്കും. ട്രോളിങ്‌ നിരോധനം ആരംഭിക്കുമെങ്കിലും ട്രോളർ ബോട്ടുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് ചെറുവള്ളങ്ങളും കട്ടമരങ്ങളും മീൻ തേടി ഉൾക്കടലിലേക്ക് പോകും. 

ഇനിയുള്ള രണ്ടുമാസക്കാലം വിഴിഞ്ഞം തീരത്ത് രാവും പകലും ഒരുപോലെ സജീവമാകും. സീസൺ വരവേൽക്കാൻ തീരത്തെ മത്സ്യത്തൊഴിലാളികൾ സജ്ജമായി. തീരത്തെങ്ങും തൊഴിലാളികൾ അവരുടെ വളളങ്ങളും വലയും നന്നാക്കുന്നതിന്റെ തിരക്കിലാണ്‌. ഏതാനും ദിവസങ്ങളായി കാണുന്ന മഴക്കാറ് ഇനി വരാൻ പോകുന്ന ചാകരക്കാലത്തിന്റെ മുന്നറിയിപ്പായാണ് ഇവർ കാണുന്നത്.

സീസൺ വരവറിയിച്ച് ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളുമായി വിഴിഞ്ഞം തീരത്തേക്ക് എത്തുകയാണ്. 

കാലവർഷം ശക്തമാകുന്നതോടെ വിഴിഞ്ഞത്തെ മീൻപിടിത്ത സീസൺ സജീവമാകും. വെള്ളി അർധരാത്രി മുതൽ ജൂലൈ 31 വരെയുള്ള 52 ദിവസമാണ്‌ ട്രോളിങ്‌ നിരോധനം. 

തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പൊഴിയൂരിലെ തെക്കേ കൊല്ലങ്കോട് മുതൽ വർക്കല ഇടവ വരെയുള്ള മീൻപിടിത്ത ഗ്രാമങ്ങളിലുള്ളവരാണ് ഇക്കാലത്ത് വിഴിഞ്ഞത്ത് എത്തുക. ഇക്കൊല്ലം ചൂട് കൂടുതലായതിനാൽ മീനിന്റെ വരവും കുറഞ്ഞതായി തൊഴിലാളികൾ പറഞ്ഞു. 

അയല, മത്തി, കൊഴിയാള, വാള, ചൂര, നെത്തോലി, മോത, പാലാമീൻ, നെയ്‌മീൻ, ക്ലാത്തി, വെള്ള, കറുപ്പ് നിറത്തിലുള്ള ആവോലികൾ, കണവ, കൊഞ്ച്, നവര തുടങ്ങിയ മത്സ്യങ്ങളാണ് സീസണിൽ ലഭിക്കാൻ സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 

മഴ എത്തുന്നതോടെ ജീവിതം കൂടുതൽ പ്രകാശമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

സഹായത്തിന് കൺട്രോൾ റൂം

അപകടം ഉണ്ടായാൽ മത്സ്യത്തൊഴിലാളികൾക്കുള്ള രക്ഷാപ്രവർത്തനത്തിനായി 10 സീ- റെസ്‌ക്യൂ സ്‌ക്വാഡുകൾ, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മറൈൻ ആംബുലൻസ് ബോട്ട് അടക്കമുള്ളവയും വിഴിഞ്ഞത്ത് ഒരുക്കിയിട്ടുണ്ട്. 

കാലാവസ്ഥയെക്കുറിച്ചും മറ്റ് അറിയിപ്പുകളും നൽകുന്നതിന് വിഴിഞ്ഞം ഫിഷറീസ് ഓഫീസിന് മുകളിലായി വലിയ എൽഇഡി സ്‌ക്രീനും സ്ഥാപിച്ചു. മുഴുവൻസമയ കൺട്രോൾ റൂമിന്റെ പ്രവർത്തനവും തുടങ്ങി. സഹായത്തിനായി 0471-2480335 എന്ന നമ്പരലലും ബന്ധപ്പെടാം. കരയിലും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top