26 April Friday

സിറ്റി ഗ്യാസ് നാലുവർഷത്തിനുള്ളിൽ ജില്ലയിലെമ്പാടും

വി എസ്‌ വിഷ്‌ണു പ്രസാദ്‌Updated: Friday Jun 9, 2023

സിറ്റി ഗ്യാസ്‌ പദ്ധതി കരാർ ഏറ്റെടുത്തിരിക്കുന്ന എജി ആൻഡ് പി പ്രഥം കമ്പനിയുടെ കൊച്ചുവേളിയിലെ സ്‌റ്റേഷൻ

തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച സിറ്റി ഗ്യാസ്‌ പദ്ധതി നാലുവർഷത്തിനുള്ളിൽ ജില്ലയിൽ മുഴുവൻ എത്തിക്കും. ആദ്യഘട്ടം അണ്ടൂർകോണം, മംഗലപുരം പഞ്ചായത്തുകളിലേക്കാണ്‌ വ്യാപിപ്പിക്കുന്നത്‌. നഗരത്തിൽ ഇതുവരെ 11,000 വീട്ടില്‍ കണക്‌ഷൻ നൽകി.  നഗരസഭയുടെ വെട്ടുകാട്‌, ശംഖുംമുഖം വാർഡുകളിലാണ്‌ സിറ്റി​ഗ്യാസ് പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ജനങ്ങളിൽനിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ പദ്ധതി ഏറ്റെടുത്തിരിക്കുന്ന കമ്പനിയായ എജി ആൻഡ് പി പ്രഥം കേരള ജനറൽ മാനേജർ അജിത്‌ വി നാഗേന്ദ്രൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. വെട്ടുകാട്‌ വാർഡിൽ മാത്രം 93 ശതമാനം വീടുകളിലും കണക്ഷൻ നൽകി. ചാക്ക, മുട്ടത്തറ, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം, കമലേശ്വരം എന്നീ വാർഡുകളിലും കണക്ഷൻ നൽകിത്തുടങ്ങി. മുന്നൂറോളം വീടുകളിൽ ഗ്യാസ്‌ വിതരണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

 നഗരത്തിൽ രണ്ടുദിശകളിലാണ്‌ പ്രധാന പൈപ്പ്‌ ലൈൻ പോകുന്നത്‌. ശംഖുമുഖം–-പേട്ട–-വെൺപാലവട്ടം–കുമാരപുരം–-പട്ടം–കുറവൻകോണം–-പേരൂർക്കട വഴി എച്ച്‌എൽഎൽവരെയുള്ള ലൈനാണ്‌ ആദ്യഘട്ടത്തിൽ പ്രധാനം. ഈ ലൈൻ കടന്നുപോകുന്നതിന്റെ സമീപവാർഡുകളിലേക്കും കണക്ഷൻ വ്യാപിപ്പിക്കും. അടുത്തഘട്ടത്തിൽ പേട്ട–-  ശ്രീവരാഹം, കമലേശ്വരം–-കാലടി–-ആറ്റുകാൽ–-കുര്യാത്തി വഴി കരമനയാർ മുറിച്ചുകടന്നുപോകുന്ന മറ്റൊരു ലൈൻ സ്ഥാപിക്കും. മഴക്കാലത്തിനുശേഷമായിരിക്കും ഈ ലൈനിന്റെ നിർമാണം തുടങ്ങുക.

വാർഡ്‌ കൗൺസിലർ മുഖേന റസിഡന്റ്സ്‌ അസോസിയേഷനുകൾക്ക്‌ അറിയിപ്പ്‌ നൽകും. ആവശ്യമുള്ളവർക്ക്‌ ഏജന്റുമാരെ സമീപിച്ച്‌ കണക്‌ഷൻ എടുക്കാം. കണക്‌ഷനെടുക്കാനായി 350 രൂപ രജിസ്‌ട്രേഷൻ ഫീസും 750 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. വാടകയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ താമസം മാറുന്നതിനനുസരിച്ച്‌ കണക്‌ഷൻ മാറ്റാനുള്ള സൗകര്യവുമുണ്ട്. വാട്ടർ അതോറിറ്റിയുടേതുപോലെ മീറ്റർ ഉപയോഗിച്ച്‌ ഉപഭോഗം രേഖപ്പെടുത്തി മാസംതോറും പണം അടയ്‌ക്കാം. അപകടരഹിതമാണ്‌ എന്നതാണ്‌ ലിക്വിഫൈഡ്‌ കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌ (എൽസിഎൻജി) പ്രത്യേകത. 24 മണിക്കൂർ സേവനമുള്ള കസ്‌റ്റമർ കെയർ, ലീക്ക്‌ ഉണ്ടായാൽ ഉടൻ സഹായമെത്തിക്കുന്ന സംവിധാനം എന്നിവ കമ്പനി ഉറപ്പ്‌ നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top