17 April Wednesday

സ്വർണക്കടത്തിന്റെ പേരിൽ തമ്മിലടി; 11 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സ്വർണക്കടത്തിന്റെ പേരിൽ തമ്മിലടിച്ച്‌ റിമാൻഡിലായ കൊല്ലം, കോഴിക്കോട്‌ സ്വദേശികൾ

തിരുവനന്തപുരം 
ദുബായിൽനിന്ന്‌ നാട്ടിലെത്തിക്കാൻ കൊല്ലം സ്വദേശിയുടെ കൈയിൽ  കൊടുത്തയച്ച 13 പവന്റെ മാല "കാണാതായ' സംഭവത്തിൽ തമ്മിലടിച്ചവർ റിമാൻഡിൽ. 
കൊല്ലം ഇരവിപുരം സ്വദേശിയായ മുഹമ്മദ് ഷമീൻ (24) ഉൾപ്പെടെ 11 പേരെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌. കലാപത്തിന്‌ ശ്രമിച്ചതിന്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 399, 401 വകുപ്പുകൾ പ്രകാരമാണ്‌ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്‌.
ചൊവ്വ പുലർച്ചെയാണ്‌ സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ മുഹമ്മദ് രജനീഷ് (31), മുഹമ്മദ് ഫാസിൽ (34), അൻസാർ (44), അനീഷ് (36), ഫസൽ (38), കൊല്ലം സ്വദേശികളായ അമഷ ഷാ (30), സൽമാൻ (26), അൽത്താഫ് (24), സഹൽ മുഹമ്മദ് (28), മുഹമ്മദ് നസീം (32 ) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 
ചൊവ്വ പുലർച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിനുപുറത്ത് കാത്തുനിന്നവരെ ഏൽപ്പിക്കാൻ ദുബായിൽനിന്ന് കുറ്റ്യാടി സ്വദേശി കൊടുത്തുവിട്ട 13 പവന്റെ മാല കൈമാറാതെ ഷമീൻ കടന്നുകളായാൻ ശ്രമിച്ചു. പിന്നീട്‌ ആനയറയിലെ പെട്രോൾപമ്പിൽ വച്ച് ഒരു സംഘം മർദിച്ചശേഷം മാല കവർന്നതായി ഷമീൻ പൊലീസിന് മൊഴിനൽകി. സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക്‌ പൊലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.  
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഇസ്മായിലാണ് മാല കൈ മാറിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവർക്ക് മാല നൽകിയാൽ 5000 രൂപ നൽകാമെന്നുമായിരുന്നു ധാരണ. കസ്റ്റംസ് പിടിക്കാതിരിക്കാൻ മാല കഴുത്തിലിട്ടാണ് ഷമീൻ എത്തിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷമീൻ കാത്തുനിന്ന കൊല്ലത്തെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചു. ആനയറ പമ്പിന് അടുത്ത് എത്തിയപ്പോൾ ഇസ്മായിലിനെ വിളിച്ച്‌ മാല മോഷണംപോയതായി  അറിയിച്ചു. 
   വിമാനത്താവളത്തിന് പുറത്ത്‌ മാലയ്‌ക്കായി കാത്തുനിന്ന സംഘത്തെ ഇസ്‌മയിൽ ഇക്കാര്യം അറിയിച്ചു. അവർ ഷമീനെ ഫോണിൽ വിളിച്ച്‌ കഴക്കൂട്ടത്ത് എത്തി ഷമീനെയും നാല് കൂട്ടുകാരെയും കണ്ടു. പറഞ്ഞത്‌ വിശ്വസിക്കാനാകാതെ പമ്പിലെ സിസിടിവി പരിശോധിക്കാമെന്ന്‌ പറഞ്ഞ്‌ ഷമീനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റി പമ്പിലെത്തി.  വാക്കേറ്റമുണ്ടായതോടെ പമ്പ്‌ ജീവനക്കാർ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജ്‌, പേട്ട സിഐ പ്രകാശ്‌, എസ്‌ഐ സുനിൽ, സിപിഒമാരായ ശ്രീജിത്ത്‌, ഷമി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top