18 April Thursday

ചായക്കടയിലെ ജോലിക്കിടെ രഞ്ജിത്‌ പഠിച്ചുകയറിയത്‌ ഏഴ്‌ ലിസ്റ്റിലേക്ക്

സ്വന്തം ലേഖകൻUpdated: Thursday Dec 8, 2022

രഞ്ജിത്‌ മാനവീയം വീഥിയിലെ ചായക്കടയിൽ (ഫയൽചിത്രം)

തിരുവനന്തപുരം > പൂർണസമയ പരിശീലനത്തിനു പോയിട്ടുപോലും പിഎസ്‌സി ജോലി സ്വപ്‌നമായി അവശേഷിക്കുന്ന നിരവധിപേർക്ക്‌ രഞ്ജിത്‌ പ്രതീക്ഷയാണ്‌. ചായക്കടയിലെ ജോലിക്കിടെ ഈ ഇരുപത്തഞ്ചുകാരൻ പഠിച്ചുകയറിയത്‌ ഏഴ്‌ പിഎസ്‌‌സി ലിസ്റ്റിലേക്ക്‌. പൂങ്കുളം കമുകിൻകുഴി സുനിതഭവനിലെ ആർ എസ്‌ രഞ്ജിത്താണ്‌ സ്വപ്‌‌നനേട്ടത്തിന്‌ ഉടമ. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സബ്‌ ട്രഷറിയിൽ നവംബർ 22ന്‌ ഓഫീസ്‌ അസിസ്റ്റന്റായി കയറിയ രഞ്ജിത്‌ എൽഡി ക്ലർക്ക്‌, പൊലീസ്‌ കോൺസ്റ്റബിൾ, എക്‌സൈസ്‌, ഫയർഫോഴ്‌സ്‌ ലിസ്റ്റുകളിലുമുണ്ട്‌. 
 
ഐടിഐ പഠനം കഴിഞ്ഞ്‌ 2016ൽ അച്ഛനൊപ്പം വെള്ളയമ്പലം മാനവീയംവീഥിയിലെ ചായക്കടയിൽ ജോലിനോക്കി. രണ്ടുവർഷം കഴിഞ്ഞപ്പോൾ സർക്കാർ ജോലി നേടണമെന്നായി  ആഗ്രഹം. രാവിലെ ഏഴിനു കയറിയാൽ രാത്രി ഏഴുവരെ ചായക്കടയിൽ തിരക്കുതന്നെ. എങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ പരിശീലന ക്ലാസിലെത്തി. 2019 മുതൽ രാത്രികൾ ജോലിക്കും  പകലുകൾ ക്ലാസിനുമായി നീക്കിവച്ചു. വൈകിട്ട്‌ അഞ്ചുമുതൽ രാത്രി പത്തുവരെയും പുലർച്ചെ മൂന്നുമുതൽ എട്ടുവരെയും ചായക്കടയിലെത്തി. 
 
കോവിഡ്‌ കാലത്ത്‌ നാട്ടിൽ സുഹൃത്തുക്കളുമായി ചേർന്ന്‌ പഠനം. സുഹൃത്തുക്കളിൽ നാലുപേരും വിവിധ റാങ്ക്‌ ലിസ്റ്റിലുണ്ട്‌. ഏഴുമാസം മുമ്പ്‌ അച്ഛൻ രാമചന്ദ്രൻ മരിച്ചു. സർക്കാർ ജോലിക്കാരനായത്‌ കാണാൻ അച്ഛനില്ലെന്ന സങ്കടം മാത്രം. പരിശ്രമിച്ചാൽ സ്വപ്‌നം കൂടെപ്പോരുമെന്ന്‌ രഞ്ജിത്‌ പറയും. സാക്ഷ്യമായി തന്റെ റാങ്ക്‌ ലിസ്റ്റുകളും കാട്ടിത്തരും. എൽഡിസി ലഭിക്കുമെന്ന പ്രതീക്ഷയിലായതിനാൽ മറ്റു ജോലികൾ  വേണ്ടെന്നുവച്ചിരിക്കുകയാണ്‌ രഞ്ജിത്‌. മാനവീയം കൾച്ചറൽ കലക്ടീവ്‌ നേതൃത്വത്തിൽ രഞ്ജിത്തിനെ അനുമോദിച്ചു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ ഉപഹാരം സമ്മാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top