07 July Monday
അട്ടക്കുളങ്ങര മേൽപ്പാലം ഭൂമി ഏറ്റെടുക്കൽ

പ്രാരംഭ പ്രവർത്തനം തുടങ്ങി

സ്വന്തംലേഖകൻUpdated: Saturday Oct 8, 2022

ഗതാഗത മന്ത്രി ആന്റണി രാജു 
അഴിക്കോട്ട ജങ്ഷൻ സന്ദർശിക്കുന്നു

ചാല 
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ഫ്‌ളൈഓവർ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  പരിശോധിക്കാൻ  ഗതാഗത മന്ത്രി ആന്റണി രാജു വെള്ളിയാഴ്ച രാവിലെ അഴീക്കോട്ട ജംഗ്ഷൻ സന്ദർശിച്ചു.1200 മീറ്റർ നീളത്തിൽ വിഭാവനം ചെയ്തിട്ടുള്ള അട്ടക്കുളങ്ങര ഫ്‌ളൈഓവർ ശ്രീവരാഹം അഴീക്കോട്ട ജംഗ്ഷനിൽ തുടങ്ങി കിഴക്കേകോട്ട രാമചന്ദ്ര ടെക്സ്റ്റയിൽസിന് സമീപം അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നിരന്തരം ഗതാഗതം സ്തംഭിക്കുന്ന ജംഗ്ഷനിലെ പ്രശ്‌ന പരിഹാരത്തിനുള്ള ശാശ്വത നടപടിയാണ് ഫ്‌ളൈഓവർ. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള (ആർബിസിഡികെ) യ്ക്കാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. ഒന്നര വർഷത്തിൽ ഭൂമി ഏറ്റെടുക്കലും അടുത്ത ഒന്നര വർഷത്തിൽ നിർമാണവും നടത്തി മൂന്ന് വർഷം കൊണ്ട് ഫ്‌ളൈഓവർ യാഥാർഥ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
    ആകെ 180 കോടി രൂപയാണ് കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 100 കോടിയോളം ഭൂമി ഏറ്റെടുക്കലിനാണ്. നിർദിഷ്ട ഫ്‌ളൈഓവറിന്റെ ഇടത് ഭാഗം പുരാവസ്തു വകുപ്പിന്റെ അധീനതയിലായതിനാൽ വലത് വശത്തുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുക. ഏകദേശം 300 കട  സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കേണ്ടതായി വരും.സമീപത്തെ തിരക്കേറിയ മറ്റൊരു പ്രധാന ജംഗ്ഷനായ ഈഞ്ചയ്‌ക്കലിൽ ഫ്‌ളൈഓവർ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 159 കോടി അനുവദിച്ചതായി ഗതാഗത മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്.
ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. കിഴക്കേകോട്ടയിൽ പുതുതായി നിർമിച്ച ആകാശ നടപ്പാത ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യം ബോധവൽക്കരിക്കാൻ മാധ്യമങ്ങളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top