27 April Saturday

തെരുവുനായ വിളയാട്ടം

സ്വന്തം ലേഖകൻUpdated: Saturday Oct 8, 2022
വിളപ്പിൽ  
പന്ത്രണ്ടുകാരനടക്കം 25 പേരെ തെരുവുനായ കടിച്ചു. വിളവൂർക്കൽ പ്രദേശത്ത് വെള്ളിയാഴ്ചയാണ്‌ സംഭവം. മലയം ശിവക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയ വാമദേവൻനായരുടെ വലതുകാലിലെ ഉപ്പൂറ്റി കടിച്ചെടുത്തു. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമൺ, തുടിപ്പോട്ടുകോണം, ഈഴക്കോട്, പൊറ്റയിൽ വാർഡുകളിലാണ് തെരുവുനായയുടെ അതിക്രമം. മൂലമണ്ണിൽ   കാറിൽനിന്ന് ഇറങ്ങിയ ആളിനെ പാഞ്ഞെത്തി കടിക്കുകയായിരുന്നു. ഈഴക്കോട്ഭാഗത്ത് നടന്ന് പോവുകയായിരുന്ന ശരൺകൃഷ്ണയെ (12) പിറകിലൂടെ എത്തിയാണ്‌ കടിച്ചത്‌. നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും പട്ടി ഓടിപ്പോയി. വെള്ളി രാവിലെ 7 മുതൽ വിളവൂർക്കലിൽ തെരുവുനായയുടെ വിളയാട്ടമായിരുന്നു. വത്സല, രാസമ്മ,ഗിരിജ,രവീന്ദ്രൻ,രാജ്‌കുമാർ,വസന്ത,ഷീജ,ജയൻ, ആന്റണി അഗസ്റ്റിൻ,വാമ ദേവൻ,യദുമോഹൻ,മണിയൻ,ഗോപാല കൃഷ്ണൻ നായർ,അഭിജിത് തുടങ്ങിയവരെയാണ് തെരുവ് നായ കടിച്ചത്.
വൈകിട്ട്‌ പാലോട്ടുവിള ധാന്യമില്ലിന് സമീപം രണ്ടുപേരെ ഇതേ നായ കടിച്ചു. ഈഴക്കോട് മൂലമൺ കൊമ്പേപേറ്റി വഴിയാണ് നായ പാലോട്ടുവിളയിൽ എത്തിയത്. നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും നായ മിന്നൽ വേഗത്തിൽ രക്ഷപ്പെട്ടു. വ്യാഴാഴ്ച പാലോട്ടുവിളയിൽ സ്ത്രീകളടക്കം 5 പേരെ നായ കടിച്ചിരുന്നു. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രി, ജനറൽആശുപത്രി, മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. 
പ്രതിഷേധവുമായി 
നാട്ടുകാർ
വിളപ്പിൽ
വിളവൂർക്കൽ പഞ്ചായത്തിലെ കോൺഗ്രസ്‌ ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തെരുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്‌ യാതൊരു നടപടിയും പഞ്ചായത്ത്‌ സ്വീകരിച്ചിട്ടില്ല. ഇത്‌ കാരണമാണ്‌ തെരുവുനായകൾ പെരുകുന്നത്‌. 
വിഷയം നിരവധി തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ സിപിഐ എം മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top