25 April Thursday
മഴക്കാല മുന്നൊരുക്കം

ദുരന്തനിവാരണം: ജില്ല സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

തിരുവനന്തപുരം

ജില്ലയിലെ മഴക്കാല മുന്നൊരുക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവര്‍ വിലയിരുത്തി. ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി. 

ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നും കൂട്ടായ പരിശ്രമം നടത്തണമെന്നും മന്ത്രിമാർ പറഞ്ഞു. 

ആശുപത്രികളിലും ക്യാമ്പ് നടത്താനുദ്ദേശിക്കുന്നിടങ്ങളിലും വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാനും ജില്ലയിലാകെ ശുദ്ധജലം ഉറപ്പാക്കാനും നടപടികൾ പൂർത്തിയായി. തീരദേശ മേഖലകളിൽ അടിയന്തര സാഹചര്യത്തിൽ കടൽക്ഷോഭം തടയുന്നതിന് ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്‌.

തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയായി വരുന്നു. കരമനയാർ, കിള്ളിയാർ, പഴവങ്ങാടി തോടുകളുടെ ശുചീകരണ പ്രവൃത്തികളും പാർശ്വഭിത്തി നിർമാണവും പൂർത്തിയാക്കി. ഉള്ളൂർ തോട്, തെക്കനക്കര കനാൽ എന്നിവ ശുചീകരിച്ചു. തമ്പാനൂർ, പഴവങ്ങാടി തോടുകളും ശുചീകരിക്കും.

പൊതുമരാമത്തിന്‌ കീഴിലുള്ള 2410 കിലോമീറ്റർ റോഡിന്റെ ഡ്രയിനേജ് ശുചീകരണം, പോട്ട് ഹോൾ ഫില്ലിങ് പ്രവൃത്തികളും പൂർത്തിയായി. അർബൻ ഡിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിലെ അട്ടക്കുളങ്ങര തിരുവല്ലം റോഡ്, ബീമാപള്ളി -പൂന്തുറ റോഡ്, പൂന്തുറ ചേരിയമുട്ടം റോഡ് എന്നിവിടങ്ങളിൽ പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്. 

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ആശുപത്രികൾ സജ്ജമാണെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഗ്നിശമനസേന സജ്ജമാണെന്ന് ജില്ലാ ഫയർ ഓഫീസറും അറിയിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം ജെ അനി ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി ജയമോഹൻ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top