26 April Friday
കോർപറേഷൻ കൗൺസിൽ

ടർഫ്‌ അടക്കം കളിസ്ഥലങ്ങള്‍ക്ക് ലൈസന്‍സ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
തിരുവനന്തപുരം
ടർഫുകൾക്കും കളിസ്ഥലങ്ങൾക്കും പ്രത്യേക ലൈസൻസ് നൽകാനുള്ള ബൈലോയുടെ കരട് മാതൃകയ്ക്ക് കോർപറേഷൻ കൗൺസിൽ യോ​ഗത്തിന്റെ അം​ഗീകാരം. കോർപറേഷൻ പരിധിയിൽ ഫീസ് വാങ്ങാതെ പ്രവേശിപ്പിക്കുന്ന കളിസ്ഥലങ്ങളെ ഒഴിവാക്കുമെങ്കിലും നിർമാണത്തിന് അനുമതി ബാധകമാണ്. കളിസ്ഥലങ്ങൾക്ക് ഇനിമുതൽ നിർമാണ പെർമിറ്റും പ്രവർത്തന ലൈസൻസും വേണം. നിലവിലുള്ള കളിസ്ഥലങ്ങൾ‌ക്ക്, ബൈലോ നിലവിൽ വന്ന് ആറുമാസത്തിനകം അനുമതി വാങ്ങണം. 
കളിസ്ഥലത്ത് ഏതുസമയം വേണമെങ്കിലും പരിശോധന നടത്താനും ലൈസൻസ് ഇല്ലാത്തവ അടച്ചുപൂട്ടാനും കോർപറേഷന് അധികാരമുണ്ട്. പ്രവർത്തനസമയം പുലർച്ചെ അഞ്ചുമുതൽ രാത്രി 10 വരെയാക്കും. സമീപവാസികൾക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിലായിരിക്കണം. 50ൽ കൂടുതൽ ആളുകൾക്ക് കളി വീക്ഷിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ശുചിമുറി, റിഫ്രഷ്മെന്റ്, ഖര ദ്രവ്യ മാലിന്യസംസ്കരണം എന്നിവ നിർബന്ധമാണ്‌. വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്ത് കളിസ്ഥലം നിർമിക്കരുതെന്നും കോർപറേഷൻ നിർദേശിച്ചു. താൽക്കാലിക കളിസ്ഥലങ്ങൾക്ക് ഡിടിപി സ്കീം, മാസ്റ്റർ പ്ലാൻ, കേരള മുനിസിപ്പൽ ബിൽഡിങ് റൂൾ, സിആർഇസഡ് എന്നിവ പരി​ഗണിക്കില്ല. സിമന്റ്, കോൺക്രീറ്റ് എന്നിവയുപയോ​ഗിച്ച് നിർമിക്കുന്നവ താൽക്കാലിക കളിസ്ഥലമായി പരി​ഗണിക്കില്ല. 
കോർപറേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കരട് ബൈലോയിൽ 60 ദിവസത്തേക്ക് ആക്ഷേപം കേൾക്കും. കൗൺസിലർമാരുടെ നിർദേശങ്ങൾ പരിശോധിക്കുന്നതിനൊപ്പം വാർഡ് അടിസ്ഥാനത്തിൽ ആക്ഷേപങ്ങൾ സ്വീകരിച്ച്‌ നിയമം പ്രാബല്യത്തിൽ വരുത്തും.
 
ലൈസൻസ് ഇല്ലെങ്കിൽ 10,000 രൂപ പിഴ
കോർപറേഷന്റെ പൊതുനിർദേശങ്ങളും ലൈസൻസ് വ്യവസ്ഥയും ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കാൻ നോട്ടീസ് നൽകും. കൂടാതെ ലംഘനങ്ങൾക്ക് 2000 രൂപ പിഴയീടാക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ 10000 രൂപയും ലംഘനം തുടർന്നാൽ ദിവസം 100 രൂപവീതവും പിഴ ഈടാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top