17 December Wednesday

ശക്തം ലഹരിവിരുദ്ധ വേട്ട ; ‘യോദ്ധാവ്’ പിടിച്ചു 3 പേരെ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
തിരുവനന്തപുരം
ലഹരിക്കെതിരെയുള്ള പൊലീസിന്റെ  യോദ്ധാവ് ക്യാമ്പയിന്റെ ഭാഗമായി നഗരത്തിൽ   വ്യാപക പരിശോധന തുടരുന്നു.  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. വ്യാഴാഴ്‌ച നടത്തിയ പരിശോധനയിൽ ശാസ്തമംഗലം ഗുരുമന്ദിരം ഷീജാ നിവാസിൽ ആകാശിനെയാ (22)ണ് നർകോട്ടിക്സ്‌ സെൽ സ്പെഷ്യൽ ടീമിന്റെ സഹായത്തോടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രണ്ട്‌ ദിവസത്തിനുള്ളിൽ പിടിയിലായവരുടെ എ ണ്ണം മൂന്നായി.  കഴിഞ്ഞ ദിവസം ഒമ്പത്‌ ഗ്രാമോളം എംഡിഎംഎ യുമായി അരുൺ, സജു സോണി എന്നിവരെ സ്പെഷ്യൽ ടീമിന്റെ സഹായത്തോടെ പൂന്തുറ, വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു 
 
 പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ വിപണനം സംബന്ധിച്ച് രഹസ്യ വിവരം കൈമാറാനുള്ള വാട്‌സാപ്‌ നമ്പറിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആകാശിനെ സ്പെഷ്യൽ ടീം നിരീക്ഷിച്ചു വരികയായിരുന്നു. മ്യൂസിയം  പൊലീസ് സ്റ്റേഷൻ ടീമും സ്പെഷ്യൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളിൽനിന്ന്  വിൽപ്പനയ്‌ക്കായി ചെറുപാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 3.02 ഗ്രാം  എംഡിഎംഎ  പിടിച്ചെടുത്തു. മയക്കുമരുന്നുമായി ഇയാൾ മുൻപും പിടിയിലായിരുന്നു.
 
നർകോട്ടിക്സ്‌ സെൽ എസിപി ഷീൻതറയിൽ , മൂസിയം എസ്എച്ച്ഒ  ധർമജിത്ത്, എസ്ഐമാരായ ജിജുകുമാർ, അജിത് കുമാർ, എഎസ്ഐ രാജേഷ്,  എസ്‌സിപിഒ സുമേഷ്, സിപിഒ, ബിനോയ് , സ്പെഷ്യൽ ടീം എസ്ഐ അരുൺ കുമാർ, എഎസ്ഐ സാബു, എസ്‌സിപിഒമാരായ വിനോദ്, വിനോദ്, സിപിഒമാരായ രഞ്ജിത്, ഷിബു, ദീപുരാജ്, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ  പിടിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top