29 March Friday
കഴക്കൂട്ടം മേൽപ്പാലം

നവംബർ ഒന്നിന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

കഴക്കൂട്ടം മേൽപ്പാല നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം
കഴക്കൂട്ടം മേൽപ്പാലം കേരളപ്പിറവിദിന സമ്മാനമായി നവംബർ ഒന്നിന്‌ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പു നൽകിയതായി അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. 2.72 കിലോമീറ്ററുള്ള മേൽപ്പാലത്തിന്റെ നിർമാണം ഒക്‌ടോബർ 31നകം പൂർത്തിയാക്കും. ദേശീയപാത നിർമാണപ്രവർത്തനം നേരിട്ട് വിലയിരുത്തുന്ന പദ്ധതിക്ക്‌ തിരുവനന്തപുരത്ത്‌ തുടക്കമിട്ടശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗതക്കുരുക്ക്‌ രൂക്ഷമായ ഈഞ്ചയ്‌ക്കലിൽ ഫ്‌ളൈഓവർ നിർമിക്കും. തിരുവല്ലത്ത് അപകടസാധ്യതാ സ്ഥലങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ഉടൻ പദ്ധതി തയ്യാറാക്കും. 
 
കോവളത്ത് നിർമാണം പൂർത്തിയാകാത്ത മേഖലയിൽ ബൈക്ക് മത്സരയോട്ടംവരെ നടത്തുന്നത്‌ അപകടത്തിന്‌ ഇടയാക്കുന്നു. ഇവിടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. ഇതിനുള്ള വിശദ പദ്ധതി രേഖ ഉടൻ തയ്യാറാക്കും. മാർച്ചിൽ നിർമാണം ആരംഭിച്ച്‌ ഒന്നരവർഷത്തിനകം പൂർത്തിയാക്കും. ജില്ലയിൽ 73.72 കിലോമീറ്റർ ദേശീയപാതയാണുള്ളത്‌. 48.75 കിലോമീറ്റർ റോഡിന്റെ നിർമാണമാണ്‌ പുരോഗമിക്കുന്നത്‌. കഴക്കൂട്ടം, ഈഞ്ചയ്‌ക്കൽ, തിരുവല്ലം, വിഴിഞ്ഞം, എന്നിവിടങ്ങളിൽ മന്ത്രി ഉൾപ്പെട്ട സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജോയിന്റ് സെക്രട്ടറി എസ് സാംബശിവ റാവു, കലക്ടർ ജെറോമിക് ജോർജ് ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി എൽ മീണ, ദേശീയപാത തിരുവനന്തപുരം പ്രോജക്റ്റ് ഡയറക്ടർ പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

25 ശതമാനം സംസ്ഥാനം 
വഹിക്കുന്നത് വികസനം
വേഗത്തിലാക്കി: മന്ത്രി 

 

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നത് പ്രവർത്തനം വേഗത്തിലാക്കി. ദേശീയപാത അതോറിറ്റിയുമായി കൈകോർത്താണ് വികസന പ്രവർത്തനം സാധ്യമാക്കുന്നത്. രണ്ടായിരത്തി ഇരുപത്തഞ്ചോടെ  കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെയുള്ള ദേശീയപാത വികസനം പൂർത്തിയാക്കും. ദേശീയപാതയടക്കമുള്ള റോഡുകളുടെ വികസനം സംബന്ധിച്ച് രണ്ടാഴ്‌ചയിലൊരിക്കൽ മന്ത്രി പങ്കെടുക്കുന്ന യോഗം നടത്തുന്നതും നിർമാണം വേഗത്തിലാക്കാൻ സഹായിക്കുന്നു. 
മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം യോഗവും ചേർന്നു. ദേശീയപാത വികസനത്തിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പും സർക്കാരും അകമഴിഞ്ഞ സഹായമാണ് നൽകുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി എൽ മീണ പറഞ്ഞു. തടസ്സങ്ങൾ നീക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top