25 April Thursday
ദേശീയ 
ഉന്നത വിദ്യാഭ്യാസ റാങ്കിങ്

മികച്ച നേട്ടം...രാജ്യത്തിന് മാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

നേട്ടത്തിന്റെ നെറുകയിൽ കേരള സർവകലാശാല

തിരുവനന്തപുരം

ദേശീയ ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേട്ടത്തിന്റെ നെറുകയില്‍.  ദേശിയ റാങ്കിങ്ങിൽ സംസ്ഥാനത്തെ ഒന്നാമത്തെ സർവകലാശാലയായത് കേരള സർവകലാശാലയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) പട്ടിക പ്രകാരമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച സർവകലാശാലയായി കേരളയെ തെരഞ്ഞെടുത്തത്. സർക്കാരിന്റെ ധനസഹായം സ്വീകരിച്ച്‌ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ രാജ്യത്ത്‌ 12–-ാമതും  ദക്ഷിണേന്ത്യയിൽ പത്താമതുമാണ്‌ കേരള, ദേശീയ റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 40–-ൽ നിന്ന്  24–-ആയും ഉയർന്നു. "നാക് എ പ്ലസ്‌ പ്ലസ്‌' ലഭിച്ചപ്പോൾ എൻഐആർഎഫ് റാങ്കിൽ പിന്നിലാണെന്ന വിമർശത്തിന്‌ സർവകലാശാലയുടെ ഈ നേട്ടം മറുപടിയായി. പരീക്ഷാ നടത്തിപ്പിൽ മികച്ച അംഗീകാരമാണ് എൻഐആർഎഫ് കേരളയ്‌ക്ക്‌ നൽകിയത്. 40 –-ൽ 36 മാർക്ക്‌ ഈ ഗണത്തിൽ ലഭിച്ചു. പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമത, ഗവേഷണ പ്രബന്ധങ്ങളുടെ ഗുണനിലവാരം, പ്രത്യേകം തയ്യാറാക്കിയ ഗവേഷണ ഡയറക്‌ടറേറ്റ്‌ എന്നിവയെല്ലാം ദേശീയ അംഗീകാരത്തിന്‌ കാരണമായി. ഏറ്റവും കൂടുതൽ പിഎച്ച്ഡി ബിരുദങ്ങൾ നൽകിയ സർവകലാശാലയും കേരളയാണ്. വർഷത്തിൽ മൂവായിരത്തിലേറെ ഗവേഷണ ബിരുദങ്ങളാണ്‌ ഇവിടെനിന്നും നൽകുന്നത്‌. അധ്യാപക അനുപാതത്തിൽ 20–-ൽ 13, പിഎച്ച്‌ഡിയുള്ള അധ്യാപകർ എന്ന വിഭാഗത്തിൽ 20-–-ൽ 16 എന്നിങ്ങനെയാണ്‌ മാർക്ക്‌. വിദ്യാർഥികൾക്കായി ഓൺലൈൻ സേവനങ്ങൾ ഉറപ്പാക്കുന്ന "സ്റ്റുഡന്റ്‌ ലൈഫ്‌ സർക്കിൾ മാനേജ്‌മെന്റ്‌ സിസ്റ്റ'വും ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച  "ക്ലിഫ്' കേന്ദ്രീകൃത ലബോറട്ടറിയും വിദേശ വിദ്യാർഥികൾക്കുള്ള "സെന്റർ ഫോർ ഗ്ലോബൽ അക്കാദമി'യും വിദേശ സർവകലാശാലയുമായി ചേർന്നുള്ള പഠനത്തിന്റെയും ധനസഹായത്തിന്റെയും  ഉൾപ്പെടെയുള്ള പദ്ധതികളും റാങ്കിങ്ങിൽ പരിഗണിക്കപ്പെട്ടു. 

ഡെന്റൽ കോളേജിനും നേട്ടം

തിരുവനന്തപുരം 

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തിരുവനന്തപുരം ഡെന്റൽ കോളേജിന് അഭിമാന നേട്ടം. കഴിഞ്ഞ വർഷത്തെ 30–--ാം റാങ്കിൽനിന്ന് 25ലേക്ക്‌ ഉയർന്നു. 54.49 പോയിന്റ് നേടിയാണ്‌ കോളേജ്‌ റാങ്ക്‌ ഉയർത്തിയത്‌. അക്കാദമിക് രംഗത്തെ മികവും അടിസ്ഥാന സൗകര്യവികസനവുമുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനംകൂടിയാണ് നേട്ടം. പൂർവ വിദ്യാർഥി സംഘടനയുടെ എൻഡോവ്മെന്റ് അവാർഡുകൾ  വിദ്യാർഥികളുടെ പഠന നിലവാരമുയർത്താനും സഹായിച്ചു.  ഒന്നാം റാങ്ക്  84.08 പോയിന്റോടെ ചൈന്നെ സവീതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ്‌ ടെക്നിക്കൽ സയൻസസ് നേടിയപ്പോൾ 40–-ാം റാങ്കോടെ ഏറ്റവും പിന്നിൽ ഉത്തർപ്രദേശിൽ ലക്നൗവിലെ സരസ്വതി ഡെന്റൽ കോളേജ് ആൻഡ്‌ ഹോസ്പിറ്റലാണ്. 49.32 പോയിന്റാണ് ഈ സ്ഥാപനം നേടിയത്. മന്ത്രി വീണാ ജോർജ് ഡെന്റൽ കോളേജിലെത്തി പ്രിൻസിപ്പൽ ഡോ. വി ടി ബീന, വൈസ് പ്രിൻസിപ്പൽ ഡോ. ഹർഷകുമാർ എന്നിവർക്കുംഅധ്യാപകർക്കും വിദ്യാർഥികൾക്കും അഭിനന്ദനമറിയിച്ചു.

നേട്ടത്തിൽ തിളങ്ങി  ജില്ല

തിരുവനന്തപുരം

എൻജിനിയറിങ് കോളേജുകളിൽ തിരുവനന്തപുരം ഐഐഎസ്എസ്ടി 48–--ാം സ്ഥാനവും ആർക്കിടെക്ചർ കോളേജുകളിൽ കോളേജ് ഓഫ് എൻജിനിയറിങ് 17–--ാം സ്ഥാനത്തുമെത്തി. ഡെന്റൽ കോളേജുകളിൽ തിരുവനന്തപുരം ഗവ. ഡെന്റൽ കോളേജ് 25–--ാം സ്ഥാനവും മെഡിക്കൽ കോളേജുകളിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 10–--ാം സ്ഥാനവും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് 44–--ാം സ്ഥാനവും നേടി.

യൂണിവേഴ്‌സിറ്റി കോളേജ്‌: നുണക്കോട്ടകൾ തകർത്ത നേട്ടം

തിരുവനന്തപുരം 

അപവാദ പ്രചാരണത്താൽ തകർക്കാൻ പലരും പലവട്ടം ശ്രമിച്ചിട്ടും തളരാതെ മിന്നും നേട്ടം കൈവരിച്ച്‌ യൂണിവേഴ്‌സിറ്റി കോളേജ്‌. എൻഐആർഎഫ്‌ റാങ്കിങ്ങിൽ തുടർച്ചയായി ആറാം തവണയും സംസ്ഥാനത്ത്‌ ഒന്നാമതായി കോളേജ്‌. രാജ്യത്ത്‌ ഏറ്റവും മികച്ച 26–-ാമത്തെ കലാലയവുമാണ്‌. മികച്ച ഗവേഷണവകുപ്പുകളും റാങ്ക്‌ നേടുന്ന വിദ്യാർഥികളും മികച്ച അധ്യാപകരുമാണ്‌ ക്യാമ്പസിന്റെ നേട്ടത്തിന്‌ പിന്നിൽ. കേരളത്തിലാകെ 13 കോളേജ്‌ ആദ്യ 100-ൽ ഇടംപിടിച്ചു. എൻഐആർഎഫിന്റെ 62.25 പോയിന്റാണ് യൂണിവേഴ്സിറ്റി കോളേജിനുള്ളത്. രാജ്യത്ത് ഒന്നാമതുള്ള ന്യൂഡൽഹിയിലെ മിരാൻഡ കോളേജിന് 74.81 പോയിന്റാണുള്ളത്. 
മാർ ഇവാനിയോസ് കോളേജ് 45–--ാമതും (56.89), ഗവ.വിമെൻസ് കോളേജ് 75–--ാം സ്ഥാനവും (54.03) നേടി. ബിരുദ, ബിരുദാനന്തര കോഴ്സുകളിലായി 3400 വിദ്യാർഥികളാണ്‌ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നത്‌. 18 ബിരുദ കോഴ്‌സും 21 ബിരുദാനന്തര ബിരുദ കോഴ്‌സുമുണ്ട്. 22 വിഷയത്തിൽ ഗവേഷണ സൗകര്യവുള്ള കലാലയത്തിൽ  ഭൂരിഭാഗം അധ്യാപകർക്കും ഡോക്ടറേറ്റുമുണ്ട്. 

മെഡിക്കല്‍ 
കോളേജിലെത്തി സന്തോഷം പങ്കിട്ട്‌ മന്ത്രി

തിരുവനന്തപുരം

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഇടം നേടിയതിനെ തുടർന്ന്‌ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി സന്തോഷം പങ്കുവച്ചു. മെഡിക്കൽ കോളേജിനും ഡെന്റൽ കോളേജിനും അഭിമാന നേട്ടമാണിതെന്ന്‌ മന്ത്രി പറഞ്ഞു. അടുത്ത വർഷം നില മെച്ചപ്പെടുത്താനാകും. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ മെഡിക്കൽ കോളേജിൽ വലിയ മാറ്റമുണ്ടാക്കാനായി. ഇനിയും ആത്മവിശ്വാസത്തോടെ മുന്നേറുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ തോമസ് മാത്യു, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഉഷ, ആശുപത്രി സൂപ്രണ്ട്  നിസാറുദ്ദീൻ, എസ്എടി ആശുപത്രി സൂപ്രണ്ട് ബിന്ദു, വിശ്വനാഥൻ, ടോണി, കെ അരുൺ, നോബിൾ ഗ്രേഷ്യസ്, ഡെന്റൽ കോളേജ് പ്രതിനിധി  ഹർഷകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top