28 March Thursday
കുപ്പിവെള്ള കമ്പനിക്കെതിരെ നാട്ടുകാർ

വാമനപുരം നദിയിലെ ജലം മോഷ്ടിക്കുന്നു

അനോബ് ആനന്ദ്Updated: Tuesday Feb 7, 2023
കിളിമാനൂർ
കരവാരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുപ്പിവെള്ള കമ്പനി  വാമനപുരം നദിയിൽനിന്ന് അനധികൃതമായി ജലചൂഷണം നടത്തുന്നതായി പരാതി. 
 
കരവാരം പട്ട്ളയിൽ പ്രവർത്തിക്കുന്ന ലാൽകോ മിനറൽ വാട്ടർ എന്ന കമ്പനിയാണ് ആവശ്യമായ ലെെസൻസ് ഇല്ലാതെ നദിയിൽനിന്ന് ജലമെടുക്കുന്നത്. നിരവധി പരാതികളാണ് കമ്പനിക്കെതിരെ പഞ്ചായത്തിനുൾപ്പെടെ ലഭിക്കുന്നത്. പരാതികൾ കരവാരം പഞ്ചായത്ത് കമ്മിറ്റി  പരിശോധിക്കുകയും അന്വേഷിക്കാൻ ആറം​ഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 
 
വാട്ടർ അതോറിറ്റിയിൽനിന്ന് ജലം വാങ്ങിയാണ്  പ്രവർത്തിക്കുന്നതെന്ന കമ്പനിയുടെ വാദം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ  നദീതീരത്ത് അനധികൃതമായി നിർമിച്ച വലിയ കിണറിനുള്ളിൽ നദീജലമെത്തിച്ച് അവിടെനിന്ന്  20 കുതിരശക്തിയുള്ള മോട്ടോർ ഉപയോ​ഗിച്ച് പമ്പ് ചെയ്ത്, ഭൂഗർഭ പെെപ്പുകളിലൂടെ  പഞ്ചായത്ത് റോഡ് മുറിച്ചാണ് കമ്പനിയുടെ പ്ലാന്റിലേക്ക് എത്തിക്കുന്നത്.  നദിയുടെ തീരത്തായി മറ്റൊരു കുഴൽക്കിണർകൂടി കമ്പനി കുഴിച്ചതായും കണ്ടെത്തി. 
 
ദിവസവും പതിനായിരം ലിറ്ററിലധികം ജലമാണ്  ഊറ്റുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. സമിതി റിപ്പോർട്ട് അം​ഗീകരിച്ച  പഞ്ചായത്ത് കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്ന് കമ്പനിക്ക്  സ്റ്റോപ്പ് മെമ്മോ നൽകി. ഇത് അവ​ഗണിച്ചും  ജലചൂഷണം തുടരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. 
 
ജലചൂഷണം തുടർന്നാൽ വാമനപുരം നദിയിൽനിന്നുള്ള പദ്ധതികളെല്ലാം താളം തെറ്റും. വേനൽ കടുക്കുന്നതോടെ കുടിവെള്ളവും മുട്ടും എന്ന ആശങ്കയിലാണ് നാട്ടുകാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top