10 July Thursday

യുവതിയുടെ മരണം 9 വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022

തിരുവനന്തപുരം> യുവതിയുടെ മരണം കൊലപാതകമെന്ന്‌ ഒമ്പതുവർഷത്തിനുശേഷം തെളിഞ്ഞു. വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട നേമം സ്വദേശി അശ്വതിയെ ഭർത്താവ്‌ രതീഷ്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ വ്യക്തമായി. ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌ത രതീഷി (35)നെ നെയ്യാറ്റിൻകര ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 

ഓട്ടോഡ്രൈവറായ രതീഷ്‌ മദ്യപാനത്തിന്‌ അടിമയായിരുന്നു. അച്ഛനും അമ്മയുമില്ലാതിരുന്ന അശ്വതിയെ രതീഷ്‌ പ്രണയിച്ചാണ്‌ വിവാഹം ചെയ്‌തത്‌. സ്ഥിരമായി മദ്യപിച്ചെത്തുന്ന രതീഷ്‌ ഭാര്യയെ ഉപദ്രവിച്ചിരുന്നു. അശ്വതിയുടെ മുത്തശ്ശി നൽകാമെന്ന്‌ വാഗ്ദാനം ചെയ്‌ത വസ്തു നൽകിയിരുന്നില്ലെന്നതും ഉപദ്രവത്തിനു കാരണമായി. 2013 മാർച്ച്‌ 17ന്‌ നേമത്തെ വാടകവീട്ടിലാണ്‌ അശ്വതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്‌. വീട്ടുടമസ്ഥയായ ശാന്തയാണ്‌ മൃതദേഹം ആദ്യം കണ്ടത്‌. രണ്ടുവയസ്സും മൂന്നു മാസവുമുള്ള കുഞ്ഞുങ്ങളുടെ അമ്മയായ അശ്വതി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന്‌ ബന്ധുക്കൾ പരാതി നൽകിയതോടെയാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌.
 
എന്നാൽ, മരണത്തിൽ സംശയമില്ലെന്ന നിലപാടിലായിരുന്നു രതീഷ്‌. അശ്വതി മരിച്ച ദിവസം ഇയാളുടെ കൈയിൽ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ മൃതദേഹത്തിൽ തൊട്ടപ്പോൾ പൊള്ളിയതാണെന്നായിരുന്നു ആദ്യം രതീഷ്‌ പൊലീസിനോട്‌ പറഞ്ഞിരുന്നത്‌. ആത്മഹത്യയല്ല എന്ന സംശയം ബലപ്പെട്ടതോടെ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. കൈയിലേറ്റ പൊള്ളൽ മൃതദേഹത്തിൽ തൊട്ടപ്പോഴുണ്ടായതല്ലെന്ന്‌ ഡോക്ടർ വ്യക്തമാക്കിയതോടെ ആത്മഹത്യയല്ലെന്ന്‌ വ്യക്തമായി. ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പരിശോധിച്ചു നൽകിയ റിപ്പോർട്ടും ആത്മഹത്യാസാധ്യത തള്ളി. ഇതോടെയാണ്‌ രതീഷിനെ കൂടുതൽ ചോദ്യം ചെയ്‌തത്‌. എന്തുകൊണ്ട്‌ പരാതി നൽകിയില്ലെന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നൽകാനും രതീഷിനായില്ല. വിശദമായ ചോദ്യം ചെയ്യലിലാണ്‌ മണ്ണെണ്ണയൊഴിച്ച്‌ അശ്വതിയെ കത്തിച്ചത്‌ താനാണെന്ന്‌ രതീഷ്‌ സമ്മതിച്ചത്‌. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top