25 April Thursday

ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

മടവൂർ ഗവ. എൽപിഎസിൽ നടന്ന ബഷീർ ദിനാചരണത്തിൽനിന്ന്

കിളിമാനൂർ
കുട്ടികളുമായി വർത്തമാനം പറഞ്ഞിരിക്കാൻ "ബേപ്പൂർ സുൽത്താൻ' തന്റെ "കഥാപാത്രങ്ങളു'മായാണ്‌ ഗവ. എൽപി സ്‌കൂളിൽ എത്തിയത്‌. ചാരുകസേരയിൽ ദിനപത്രം വായിച്ചിരിക്കുന്ന ബഷീറിനരികെ മേശപ്പുറം നിറയെ പുസ്തകം, പിന്നിലെ ചുമരിൽ ബഷീറിന്റെ കഥാപാത്രങ്ങൾ, ക്ലാസ് മുറിയിൽ കയറാൻ കൂട്ടാക്കാതെ മുറ്റത്തെ പ്ലാവിൻചുവട്ടിൽ ചിണുങ്ങിനിന്ന പാത്തുമ്മയുടെ ആട്.... ഇങ്ങനെ പോയി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ ബഷീർ അനുസ്മരണമാണ്‌ വേറിട്ട അനുഭവമായത്‌.
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ബഷീർ നേരനുഭവം, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം എന്നിവയും ബഷീറിനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, പത്രവാർത്തകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം എച്ച്എം ഇൻ ചാർജ് എ ആർ ബീന ഉദ്ഘാടനം ചെയ്തു. ഷംനാദ് അധ്യക്ഷനായി. കെ സി ലാലി, ടി ആർ സിന്ധു, നിസ, രജിത, അൻസി, നജീമ, സിബി, ശരത് എന്നിവർ സംബസിച്ചു.
കിളിമാനൂർ
ബഷീർ ഓർമ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ കൃതികളിലെ പാരിസ്ഥിതിക പാഠങ്ങൾ വിശകലനം ചെയ്ത് മടവൂർ ഗവ. എൽപിഎസിലെ കുരുന്നുകൾ. ഭൂമിയുടെ അവകാശികൾ, തേൻമാവ് തുടങ്ങിയ കഥകളാണ് പഠനത്തിനും ചർച്ചയ്‌ക്കും വിധേയമാക്കിയത്. ഹ്യൂമൻ ലൈബ്രറി (മനുഷ്യ പുസ്തകശാല )യുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറി. പ്രഥമാധ്യാപകൻ എസ് അശോകൻ പരിപാടി ഉദ്ഘാടനംചെയ്തു.
ആറ്റിങ്ങൽ
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമകളിൽ ചെമ്പൂര്‌ എൽപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ഫെസ്റ്റ് സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, കഥാവായന, പുസ്‌തക പരിചയം, ബഷീർ കൃതികളുടെ ആവിഷ്‌കാരം, പോസ്റ്റർ, ആൽബം പ്രദർശനം, കഥാപാത്രങ്ങളുമായി സംഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു.
വെഞ്ഞാറമൂട്
ബഷീർ ഓർമദിനത്തിൽ പരമേശ്വരം ജെഎംഎൽപിഎസിലെ വിദ്യാർഥികൾ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും പാത്തുമ്മയും സുഹറയും മജീദും എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമൻ നായരുമെല്ലാം നാട്ടുകാർക്ക് മുന്നിലെത്തി. വീടുകളും കടകളും സന്ദർശിച്ച്‌ കഥാപാത്ര വിവരണമടങ്ങിയ ലഘുലേഖ വിതരണം ചെയ്‌തു. സ്‌കൂൾ തല വിദ്യാരംഗം ക്ലബ്‌ അധ്യാപക പ്രതിഭ എ ഷാജി ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക ജെ ഷീബ അധ്യക്ഷയായി. എം മഹേഷ്, എസ് സലില എന്നിവർ സംസാരിച്ചു.
വെഞ്ഞാറമൂട്
കലാസാഹിത്യ സംഘം വെഞ്ഞാറമൂട് യൂണിറ്റ്‌ വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണം നടത്തി. പ്രസിഡന്റ്‌ മക്കാംകോണം ഷിബു അധ്യക്‌ഷനായി. ഡോ. ബി ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കവി പിരപ്പൻകോട് അശോകൻ, ശ്രികണ്ഠൻ, ഷാഹിനാഥ് പുല്ലമ്പാറ, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top