02 May Thursday

കീഴടങ്ങാൻ എത്തിയ പ്രതിയെ 
കോടതിമുറിയിൽനിന്ന് പിടിച്ച്‌ എസ്‌എച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
കാട്ടാക്കട
കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതിമുറിയിൽ കയറി പിടികൂടാൻ ശ്രമിച്ച്‌ എസ്എച്ച്‌ഒ. ആറ്റിങ്ങലിൽനിന്ന്‌ നടപടിക്ക് വിധേയനായി മലയിൻകീഴിലേക്ക് വന്ന എസ്എച്ച്ഒ ആണ് കാട്ടാക്കട കോടതിയിൽ പരാക്രമം നടത്തിയത്. അഭിഭാഷകരുടെ പ്രതിഷേധത്തിൽ ഉദ്യോഗസ്ഥൻ പിൻവാങ്ങി. 
ബുധൻ രാവിലെയാണ്‌ നാടകീയ സംഭവം. സാംജിത് എന്ന പ്രതിയെയാണ്‌ മലയിൻകീഴ് ഇൻസ്‌പെക്ടർ പ്രതാപൻ കോടതിമുറിയിൽ കയറി കസ്റ്റഡിയിൽ എടുക്കാൻ നോക്കിയത്. അഡ്വക്കറ്റിനൊപ്പം കോടതിയിൽ ഹാജരാകാനായി വന്നതായിരുന്നു പ്രതി. ഷാഡോ പൊലീസ് പിടികൂടാൻ നടത്തിയ ശ്രമം പാളിയതോടെയാണ് ഇൻസ്‌പെക്ടർ കോടതിയിലേക്ക് ഇരച്ചുകയറിയത്. അകത്തുകയറി പ്രതിയെ കൈവച്ചതോടെ അഭിഭാഷകർ തടസ്സംനിന്നു. ഇത്‌ അവഗണിച്ച്‌ പ്രതിയുമായി പോകാൻ തുനിഞ്ഞതോടെ സീനിയർ അഭിഭാഷകർ  ഇടപെട്ടു. ഇരുവരും വാക്കേറ്റമായി. മറ്റ് അഭിഭാഷകരും ഇടപെട്ടു. തുടർന്ന് ജഡ്ജി എത്തി കേസിന്റെ ആവശ്യത്തിനല്ലാത്തവർ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും വക്കീലിനോട് പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് രംഗം ശാന്തമായത്. ആറ്റിങ്ങലിൽ വക്കീലന്മാരുമായി ഉണ്ടായ വിഷയത്തിൽ നടപടിക്ക് വിധേയനായി ആണ് ഇൻസ്‌പെക്ടർ മലയിൻകീഴിൽ എത്തിയത്. നിയമബിരുദധാരികൂടിയായ ഇൻസ്‌പെക്ടർ  വക്കീലന്മാരുമായി കോർക്കുന്നത് ആദ്യമായല്ല. 
പ്രതിയെ അന്വേഷിച്ച് വീട്ടിൽ ചെന്ന ഈ ഉദ്യോഗസ്ഥൻ പ്രതിയുടെ ഭാര്യയോട് മോശമായി പെരുമാറിയതായി അവർ ഡിജിപി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഉദ്യോഗസ്ഥന്റെ പരാക്രമമെന്ന്‌ വക്കീലൻമാർ പറഞ്ഞു.
പ്രതിയെ സംബന്ധിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചെങ്കിലും വൈകിട്ടുവരെയും റിപ്പോർട്ട് ഹാജരാക്കിയില്ല. തുടർന്ന് ഇക്കാര്യം റിമാൻഡ്‌ റിപ്പോർട്ടിൽ രേഖപ്പെടുത്തിയാണ് മജിസ്ട്രേട്ട് പ്രതിയെ റിമാൻഡ്‌ ചെയ്തത്. അതേസമയം, കോടതിക്കുള്ളിൽ കയറിയില്ല എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top