18 April Thursday
‌357 പരാതിയും തീർപ്പാക്കി നഗരസഭ

ആരോപണങ്ങൾ പൊളിച്ച് അദാലത്ത്

സ്വന്തം ലേഖികUpdated: Saturday Dec 4, 2021
തിരുവനന്തപുരം   
ആരോപണങ്ങളും നുണക്കഥകളും പൊളിച്ചെഴുതി തിരുവനന്തപുരം നഗരസഭയുടെ കെട്ടിടനികുതി അദാലത്ത്. 95 വാർഡിൽനിന്ന് ലഭിച്ച 357 പരാതിയിൽ അദാലത്ത്‌ തീർപ്പുകൽപ്പിച്ചു. ഓൺലൈനായി ലഭിച്ച 326 പരാതി നേരത്തെ തീർപ്പാക്കിയിരുന്നു. ഇതിലെ 19 പേർ വെള്ളിയാഴ്‌ച നേരിട്ടെത്തി. 31 പേർകൂടി നേരിട്ട് പരാതി നൽകിയതോടെ ലഭിച്ച 357 പരാതി പൂർണമായും തീർപ്പാക്കി. 
തദ്ദേശ മന്ത്രി എം വി ഗോവിന്ദനും പങ്കെടുത്തു. എല്ലാ മാസവും വാർഡ് അടിസ്ഥാനത്തിൽ 10നു മുമ്പ് കുടിശ്ശികപ്പട്ടിക ഓൺലൈനായി പ്രസിദ്ധീകരിക്കും. സോണൽ ഓഫീസിലും പട്ടിക പരിശോധിക്കാം. 
    സോഫ്റ്റ്‌വെയർ തകരാർമൂലം പലരുടെയും നികുതി അടച്ചത് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ആയിരുന്നില്ല. ഇതുമൂലം പലർക്കും കുടിശ്ശിക കാണിച്ചിരുന്നു. ഇത്‌ പരിഹരിക്കാനാണ് അദാലത്ത്‌ സംഘടിപ്പിച്ചത്‌. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 
പൊളിഞ്ഞത്‌ സമരനാടകം
തിരുവനന്തപുരം   
നഗരസഭയിലെ ചില ജീവനക്കാർ നടത്തിയ പണാപഹരണവുമായി ബന്ധപ്പെട്ട്  നടപടിയെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത ഭരണസമിതിയെ അപഹാസ്യരാക്കുന്ന തരത്തിൽ രാഷ്ട്രീയലക്ഷ്യത്തോടെ ചിലർ പ്രചാരണം നടത്തുകയായിരുന്നു. ജനം നഗരസഭയോടൊപ്പമാണ്‌. വ്യാജ ആരോപണങ്ങൾ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞതിന്റെ തെളിവാണ്‌ ഇത്‌. പ്രശ്‌നം സ്വയം കണ്ടെത്താനും പരിഹരിക്കാനും കഴിഞ്ഞത്‌ ഭരണസമിതിയുടെ മികവാണ്‌. നഗരസഭയിൽ 2020ൽ ഇതേ മാസം ലഭിച്ചത്‌ 4.58 കോടി രൂപയായിരുന്നെങ്കിൽ ഈമാസംവരെ 10 കോടി രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ വരുമാനമുള്ള തിരുവനന്തപുരം നഗരസഭ ഇതു ചെയ്തത്‌ മറ്റ്‌ കോർപറേഷനുകൾക്കും മാതൃകയാണ്‌. വ്യാജ ആരോപണങ്ങൾക്കെതിരെ നഗരസഭയോടൊപ്പം നിന്ന മുഴുവൻ നഗരവാസികളോടും സെക്രട്ടറി ഉൾപ്പെടെയുള്ള നഗരസഭാ ജീവനക്കാരോടും സംസ്ഥാന സർക്കാരിനും മേയർ നന്ദി പറഞ്ഞു. 
      ‘നികുതി അടയ്ക്കുന്നതിൽ കൂടുതൽ സുതാര്യത വരുത്താൻ അടുത്തവർഷത്തോടെ പൂർണമായും ഓൺലൈനിലൂടെയാക്കും. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ഒരു അവസരമാക്കി മാറ്റാൻ നഗരസഭ കാണിച്ച കഴിവ്‌ അഭിനന്ദനം അർഹിക്കുന്നു’–- മന്ത്രി എം വി ഗോവിന്ദൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top