20 April Saturday
കെഎസ്ആർടിസി ടൂറിസം പദ്ധതി

അമ്പത് സുന്ദര യാത്ര പിന്നിട്ട്‌ 
വൻ വിജയത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022
നെയ്യാറ്റിൻകര 
ആറുമാസം പിന്നിട്ട നെയ്യാറ്റിൻകര കെഎസ്ആർടിസി ബജറ്റ് ടൂറിസം പിന്നിട്ടത് അമ്പത് സുന്ദര യാത്ര. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലൂടെ ആരംഭിച്ച ഉല്ലാസ യാത്രാ പദ്ധതി കൊല്ലത്തെ മൺറോതുരുത്ത്, ആലപ്പുഴ കുട്ടനാട്ട് ടൂറിസം, വാഗമൺ, മൂന്നാർ, എറണാകുളത്തെ കപ്പൽ യാത്ര തുടങ്ങിയ വൈവിധ്യമാർന്ന യാത്രകൾ ഏറ്റെടുത്തു. കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോ ടൂറിസം  പ്രവർത്തനങ്ങൾക്കായി ഡീലക്സ് എയർബസ് നൽകി. 
സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് എസി ബസ് ഉപയോഗിച്ച് ടൂർ നടത്തിയത് നെയ്യാറ്റിൻകര യൂണിറ്റിലാണ്. വിനോദ യാത്രകളിലൂടെ  ഇതിനകം ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ലാഭം നേടാനായി. രാമായണ മാസത്തിൽ നാലമ്പല തീർഥാടകർക്കായി ഇതിനകം നാല് യാത്ര  സംഘടിപ്പിച്ചു. 
ഓണക്കാലത്ത് ഗവി, വയനാട്, പാലരുവി, തെന്മല ഉൾപ്പെടെ പുതിയ സ്ഥലങ്ങളിലേക്കും അന്തർസംസ്ഥാന ടൂറിസം ഹബ്ബുകളായ കന്യാകുമാരി, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്കും നെയ്യാറ്റിൻകരയിൽനിന്ന് യാത്രകൾ ഒരുങ്ങുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബ കൂട്ടായ്മകൾ തുടങ്ങിയവയ്‌ക്കായി ഗ്രൂപ്പ് ടൂറും ക്രമീകരിക്കും. കുടുംബങ്ങൾക്ക് വെവ്വേറെ താമസ ക്രമീകരണമുണ്ട്‌. ബജറ്റ് ടൂറിസം സെല്ലിന്റെ ഡിപ്പോതല കോ ഓർഡിനേഷൻ കമ്മിറ്റിക്ക് ചെയർമാൻ എസ് മുഹമ്മദ് ബഷീർ, കോ ഓർഡിനേറ്റർ എൻ കെ രഞ്ജിത്ത്, കൺവീനർ ടി ഐ സതീഷ് കുമാർ, ജോയിന്റ് കോ ഓർഡിനേറ്റർമാരായ എസ് ജി രാജേഷ്, കെ എസ്  ജയശങ്കർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
  പിന്നിട്ട അമ്പത് യാത്രയുടെ വൈവിധ്യത്തിന്റെയും യാത്രക്കാരുടെ മികച്ച പ്രതികരണത്തിന്റെയും പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിനെ കെഎസ്ആർടിസി മാനേജ്മെന്റ് അഭിനന്ദിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസ്, സ്‌റ്റേറ്റ് കോ - ഓർഡിനേറ്റർ പ്രശാന്ത് എന്നിവർ ഡിപ്പോയിൽ എത്തി ടൂറിസം സെൽ കോ - ഓർഡിനേഷൻ കമ്മിറ്റിയെ അഭിനന്ദിച്ചു. 
ബുധനാഴ്ച ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ  സംഘടിപ്പിച്ചിട്ടുള്ള "അമ്പതിന്റെ നിറവിൽ "  ചടങ്ങ് കെഎസ്ആർടിസി ചെയർമാൻ ആൻഡ്‌ മാനേജിങ്‌ ഡയറക്ടർ ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്യും. 
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിംസ് എംഡി ഫൈസൽഖാൻ എന്നിവർ പങ്കെടുക്കും.  മത്സര വിജയികൾക്കും കൂടുതൽ യാത്രകൾ ചെയ്തവർക്കും കൂട്ടായ്മ യാത്ര സംഘാടകർക്കും ഉപഹാരങ്ങൾ സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top