18 April Thursday

ആദ്യം ലക്ഷ്‌മിയുടെ മൊഴിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം

വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ ഒരുങ്ങി സിബിഐ. അപകട സമയത്ത്‌ ബാലഭാസ്‌കറിന്‌ ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ്‌ ആദ്യം ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ തീരുമാനിച്ചത്‌. ചൊവ്വാഴ്‌ച ലക്ഷ്‌മിയിൽനിന്ന്‌ വിവരങ്ങൾ തേടിയേക്കും.  രണ്ടുപേരാണ്‌ അപകടത്തിൽ രക്ഷപ്പെട്ടത്‌. ലക്ഷ്‌മിയും ഇവരുടെ കുടുംബത്തോട്‌ അടുപ്പമുണ്ടായിരുന്ന അർജുനും. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ്‌ തമ്പി, വിഷ്‌ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്‌മിയിൽനിന്ന്‌ ശേഖരിക്കും. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്നടക്കം മൊഴി എടുക്കുക.  അപകടത്തിനുശേഷം വാഹനമോടിച്ചത്‌ താനാണെന്ന്‌ പറഞ്ഞ അർജുൻ പിന്നീട്‌ ബാലഭാസ്‌കർ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു ലക്ഷ്‌മി. ബോധം വീണ ശേഷം ലക്ഷ്‌മിയും വാഹനം ഓടിച്ചത്‌ അർജുനാണെന്ന്‌ വ്യക്തമാക്കി. അർജുന്റെ മൊഴിമാറ്റമാണ്‌ ആദ്യം ദുരൂഹതയ്‌ക്ക്‌ ഇടയാക്കിയത്‌. അപകടത്തിനുശേഷം കുടുംബവീട്ടിൽ വിശ്രമത്തിലാണ്‌ ലക്ഷ്‌മി. അർജുനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇയാളെ പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവർക്ക്‌ ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ ചില രേഖകൾ ക്രൈംബ്രാഞ്ചിൽനിന്ന്‌ സിബിഐ ശേഖരിച്ചു. മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക്‌ സിബിഐ കടക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top