20 April Saturday

യുവതലമുറയുടെ ബജറ്റ്; 
അതിജീവനത്തിന്റെയും

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ സന്ദേശം യുവത്വത്തിന്റെയും അതിജീവനത്തിന്റേതുമാണ്.
റബർ ബോർഡ് നിർത്തലാക്കുന്നത്‌ കേന്ദ്രം ആലോചിക്കുമ്പോൾ റബർ സബ്‌സിഡിയായി 600 കോടി രൂപ അനുവദിച്ചത് സംസ്ഥാനം കർഷകനൊപ്പം ഉണ്ടെന്നത് തെളിയിക്കുന്നു. 
ബജറ്റിൽ ഏറ്റവുമധികം ആകർഷിച്ചതിൽ പ്രധാനം യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടികൾ ത്വരിതപ്പെടുത്തുമെന്ന പ്രഖ്യാപനമാണ്. ഇതിന്‌ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് മിക്ക ബജറ്റ് നിർദേശങ്ങളും. വിജ്ഞാനസമൂഹമെന്ന ലക്ഷ്യം മുൻനിർത്തി ആർ ആൻഡ്‌ ഡി ബജറ്റ് പ്രഖ്യാപനം വിജ്ഞാനത്തിന്റെ ഉപയോഗം ഉറപ്പാക്കാനും വിജ്ഞാനത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെ സംയോജിപ്പിക്കാനും ഉതകും. ‘മേക്ക് ഇൻ കേരള’യുടെ വിപുലീകരണം വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിവർഷം 1,28,000 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കേരളത്തിന് സ്വയംപര്യാപ്‌തത നേടാൻ ‘മേക്ക് ഇൻ കേരള’ വ്യാപനത്തോടെ കഴിയും. 
തൊഴിൽ സംസ്കാരം പുനർനിർവചിക്കപ്പെടുന്ന ഇക്കാലത്ത് ജോലിയും വിനോദയാത്രയും സംയോജിപ്പിച്ച ‘വർക്കേഷൻ’ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ താമസിച്ച്‌ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കുപോലും ജീവിതവും ജോലിയും ഒന്നിച്ച് ആസ്വദിക്കാനാകും. യുവതലമുറയുടെ ഈ മാതൃകയ്ക്ക് ഔദ്യോഗിക അംഗീകാരവും പ്രോത്സാഹനവുമാണ് ബജറ്റ് വാഗ്‌ദാനം ചെയ്യുന്നത്. വർക്ക് ഫ്രം ഹോം മാതൃകയിലുള്ള സ്ഥാപനങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങളും അഭിനന്ദനാർഹമാണ്‌. ഇതിന്‌ സർക്കാർതന്നെ മുന്നിട്ടിറങ്ങുന്നത് ലോകത്ത്‌ ആദ്യമാകും.
തൊഴിൽശാലകൾക്ക് സമീപം ഡേ കെയർ സംവിധാനങ്ങൾ തുടങ്ങാൻ 10 കോടി രൂപ മാറ്റിവച്ചതും കരുതലിന്റെയും തണലിന്റെയും ബജറ്റ് രൂപങ്ങളാണ്.
ആരോഗ്യപരിചരണം, ഹെൽത്ത് ടൂറിസം മേഖലകളിലെല്ലാം മെച്ചപ്പെട്ട സേവനം നൽകിക്കൊണ്ട് സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നത് നമ്മുടെ തനത് -ആംഗലേയ ആരോഗ്യ ശാഖകളിൽ ചികിത്സ–-- ചികിത്സ ഇതര വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവർക്ക് വലിയ രീതിയിൽ തൊഴിൽ നൽകും. സർക്കാർ ഉടമസ്ഥതയിൽ പുതിയ നഴ്‌സിങ്‌ കോളേജുകൾ തുടങ്ങുന്നതും ഇതേ ലക്ഷ്യപ്രാപ്തിയെ സഹായിക്കും. കൂടാതെ, ലോകത്തിലെ മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അവസരങ്ങൾ ലഭിക്കുന്നവരുടെ ചെലവിലേക്കായി 10 കോടി നീക്കിവച്ചത് ചെറുപ്പക്കാരുടെ വിവര-നൈപുണ്യ വികസനത്തിന് മുതൽക്കൂട്ടാണ്.
മെൻസ്‌ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ തുക വകയിരുത്തിയത് സർക്കാരിന്റെ കരുതലിനെ അടിവരയിടുന്നു. ഏറ്റവും പ്രതികൂല സാഹചര്യമായിരുന്നിട്ടുകൂടി 12.1 ശതമാനം വളർച്ചയാണ് കേരള സമ്പദ്‌വ്യവസ്ഥ കഴിഞ്ഞവർഷം നേടിയത്. അതൊരു അതിജീവനത്തിന്റെ വിജയഗാഥയാണ്. അതിന്റെ തിളക്കമിനിയുമേറിയ തുടർച്ചയായിരിക്കും വരുംവർഷമെന്നതിന്റെ നന്ദീഘോഷമാണ് ഈ ബജറ്റ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top