28 March Thursday

ഈ സന്തോഷം പറയും നഗരസഭയുടെ നന്മ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ഭഗവതിയും സരസുവും രാജാജി നഗറിലെ വീട്ടിൽ

സ്വന്തം ലേഖിക
‘‘കോവിഡിന്റെ സമയത്ത്‌ ഞങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടായിരുന്നപ്പോ അവരാണ്‌ ഭക്ഷണം തന്നത്‌. അതൊക്കെ മറക്കാൻ പറ്റോ. എല്ലാ മാസവും പെൻഷനും കിട്ടുന്നുണ്ട്‌. ഏതാവശ്യത്തിനും പാർടിക്കാരും കൗൺസിലറും ഒപ്പമുണ്ട്‌. ഞങ്ങടെ വോട്ട്‌ എൽഡിഎഫിനാ മക്കളേ’’–- ഭഗവതിയുടെയും സരസുവിന്റെയും കണ്ണുകളിൽ സുരക്ഷിതത്വത്തിന്റെ തിളക്കം മിന്നി. ഇവരെ പോലുള്ള നിരവധി പേർക്കാണ്‌ കൃത്യമായ പെൻഷൻ നൽകി നഗരസഭയും സർക്കാരും ആശ്വാസം പകരുന്നത്‌.
‘‘ഭർത്താവ്‌ മരിച്ചു പോയി. എല്ലാ മാസവും വിധവാപെൻഷൻ മുടങ്ങാതെ കിട്ടുന്നുണ്ട്‌. ഞങ്ങളെ പോലുള്ളവർക്ക്‌ അത്‌ വലിയ കാര്യമാ. ഒരിക്കലും ഈ സർക്കാരും നഗരസഭയും ഞങ്ങളെ കൈവിടില്ലെന്ന്‌ ഉറപ്പുണ്ട്’’‌–- കൊച്ചുമക്കളെ ചേർത്തുപിടിച്ച്‌ ഭഗവതി തുടർന്നു. ശുചീകരണ തൊഴിലാളിയായിരുന്നു ഞാൻ. പെൻഷൻ കിട്ടുന്നതാ വലിയ ആശ്വാസം. സരസുഅമ്മയുടെ കണ്ണുനിറഞ്ഞു. 
 
ഇവരുൾപ്പെടെ നഗരസഭയിലാകെ 91269 പേരാണ്‌ പെൻഷൻ ഗുണഭോക്താക്കൾ. തമ്പാനൂർ വാർഡിലെ രാജാജിനഗറിൽമാത്രം 350 സാമൂഹ്യക്ഷേമപെൻഷനുകൾ വാങ്ങുന്നു. പുതുതായി 34500 പേർക്കാണ്‌ നഗരസഭ പെൻഷൻ അനുവദിച്ചത്‌. 
വാർധക്യകാല പെൻഷൻ–- 25372 പേരും വിധവാ പെൻഷൻ–-6074, വികലാംഗപെൻഷൻ–-2090, അവിവാഹിത പെൻഷൻ–-247, കർഷകത്തൊഴിലാളി പെൻഷൻ 87 പേരും വാങ്ങുന്നു‌. 
സാമൂഹ്യ സുരക്ഷാ പെൻഷൻ 1500 രൂപയാക്കുമെന്ന എൽഡിഎഫ്‌ വാഗ്‌ദാനവും ഹർഷാരവത്തോടെയാണ്‌ ഇവർ സ്വീകരിക്കുന്നത്‌. പെൻഷൻ‌ കൃത്യമായി വിതരണം ചെയ്‌ത്‌ ആശ്വാസം പകരുകമാത്രമല്ല, ക്ഷേമ പദ്ധതികളിലൂടെയും സാധാരണക്കാർക്ക്‌ താങ്ങായി നഗരസഭ.
 
കല്ലടിമുഖത്ത്‌ സായാഹ്നം, മലമുകളിൽ സാന്ത്വനം എന്നീ രണ്ടു വൃദ്ധസദനം നിർമിച്ചു. കല്ലടിമുഖത്ത്‌ യാചക പുനരധിവാസ കേന്ദ്രം കൊണ്ടുവന്നതിലൂടെ സ്വന്തമായി വീടുകളില്ലാത്ത, ആരോരുമില്ലാത്ത നിരവധിപേർക്ക്‌ തലചായ്ക്കാൻ ഒരിടമായി. 
കൂടാതെ ഭിന്നശേഷിക്കാർക്ക്‌ ട്രൈ സ്‌കൂട്ടർ, കാഴ്‌ച പരിമിതർക്ക്‌ സ്‌പീക്കിങ് കംപ്യൂട്ടർ, കേൾവി പരിമിതർക്ക്‌ ശ്രവണ സഹായി എന്നിവയും വിതരണം ചെയ്തു. പട്ടികജാതി, പട്ടികവർഗ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി. 
പട്ടികജാതി വിഭാഗത്തിന്‌ വസ്തു വാങ്ങൽ, ഭവനനിർമാണം, മേൽക്കൂര നിർമാണം, വിദ്യാർഥികൾക്ക്‌ പഠനമുറി എന്നിവ നടപ്പാക്കി. ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക്‌ കട്ടിൽ നൽകി. ‘തീരത്തിനൊരു കൈത്താങ്ങ്’‌ എന്ന പേരിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റ്‌ ലഭ്യമാക്കി. ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ്‌ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top