23 January Saturday

നാടിന്റെ ചങ്കാണ്‌ എംഎൽഎ ബ്രോ

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020

ഇവിടെ ഇനിയൊരു ചോർച്ച ഉണ്ടാകില്ല... മഴയിൽ കിള്ളിയാറിലെ വെള്ളം ബണ്ടിലൂടെ ചോർന്നെത്തി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കണ്ട വി കെ പ്രശാന്ത് എംഎൽഎയോട് നന്ദി പറയുന്ന സൂര്യാ ഗാർഡൻസ്‌ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി വിജയകുമാർ. ഒരുകോടി രൂപയുടെ നിർമാണപ്രവർത്തനത്തിനാണ്‌ സർക്കാരിൽനിന്ന്‌ അംഗീകാരം നേടിയത്‌. ശാസ്തമംഗലം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശ്രീകുമാറിനൊപ്പം വോട്ടഭ്യർഥിച്ചെത്തിയതായിരുന്നു എംഎൽഎ

തിരുവനന്തപുരം
സ്ഥാനാർഥിക്കൊപ്പം ‘എംഎൽഎ ബ്രോ’യെക്കൂടി കണ്ടതോടെ നാട്ടുകാർക്ക്‌ ഡബിൾ സന്തോഷം. വി കെ പ്രശാന്ത്‌ എംഎൽഎയെയും ഒപ്പമുള്ള സ്ഥാനാർഥിയെയും ആളുകൾ സ്വീകരിക്കുന്നത്‌ സ്വന്തം കുടുംബാംഗത്തെപ്പോലെ. ‘നമ്മുടെ ആളാണ്‌. വോട്ട്‌ ചെയ്യണം’ എന്നുപറഞ്ഞ്‌ അവസാനിക്കുംമുമ്പേ, ‘അതുപിന്നെ പറയാനുണ്ടോ’’ എന്നുള്ള മറുപടിയിലുണ്ട്‌ എൽഡിഎഫിനോടുള്ള വോട്ടർമാരുടെ ഇഷ്ടവും വിശ്വാസവും.
 
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഗൃഹസന്ദർശനം. എന്നാൽ, സ്ഥാനാർഥിയെയും എംഎൽഎയെയും ഒരുമിച്ചു കാണുമ്പോൾ കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ അതിരില്ലാ ആഹ്ലാദം. ആവേശത്തോടെ ഓടിവന്ന്‌ ഗേറ്റ്‌ തുറക്കും. ചായ കുടിക്കാനും വീടിന്‌ അകത്തേക്ക്‌ കയറാനും വാശിയോടെ നിർബന്ധിക്കും. ‘കട്ട ഫാനാണെന്ന്‌’ ചിലർ. മറ്റു ചിലർക്ക്‌ സെൽഫി. ആരെയും നിരാശരാക്കില്ല. ഇതിനിടെ, തൊട്ടടുത്ത വീട്ടുകാർ എംഎൽഎയുടെയും സ്ഥാനാർഥിയുടെയും വരവുകാത്ത്‌ അക്ഷമരാകുന്നതും കാണാം.
‘എൽഡിഎഫ്‌ സ്ഥാനാർഥിക്കായി വോട്ടുചോദിച്ച്‌ വന്നതാണെന്നു പറഞ്ഞ്‌  സംസാരിക്കാൻ തുടങ്ങുമ്പോൾ വീട്ടുകാർ നല്ല കേൾവിക്കാരാകും. ജോലി, ആരോഗ്യം തുടങ്ങിയ എല്ലാ കാര്യവും കുറഞ്ഞ സമയത്തിനുള്ളിൽ ചോദിച്ചറിയും. അവസാനം വോട്ട്‌ അഭ്യർഥനയും. തുടർന്ന്‌ സ്ഥാനാർഥിയും വീട്ടുകാരുമായി കുശലാന്വേഷണങ്ങൾ. അതിനകം മനസ്സിൽ ഇടംനേടിയിട്ടുണ്ടാകും ഇരുവരും. വീണ്ടും കാണാമെന്നു പറഞ്ഞ്‌ ഇറങ്ങുമ്പോൾ ഇനിയും വരണമെന്ന്‌ ഓർമിപ്പിച്ച്‌ വോട്ടർമാർ യാത്രയാക്കും.
 
കഴിഞ്ഞദിവസം കവടിയാർ, കുറവൻകോണം, പാങ്ങോട്‌, ശാസ്‌തമംഗലം തുടങ്ങിയ വാർഡുകളിലായിരുന്നു പര്യടനം. ശാസ്‌തമംഗലത്ത്‌ വോട്ട്‌ ചോദിക്കുംമുമ്പേ നാട്ടുകാർ എംഎൽഎയോടും സിറ്റിങ്‌ കൗൺസിലറും സ്ഥാനാർഥിയുമായ ബിന്ദു ശ്രീകുമാറിനോടും നന്ദി പറഞ്ഞു. മൂലവിളാകം, സൂര്യാനഗർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം തടയാൻ ഒരു കോടിയുടെ പദ്ധതി നടപ്പാക്കുന്നതിനായിരുന്നു ആ നന്ദിപറച്ചിൽ.
 
നാട്‌ എൽഡിഎഫിനൊപ്പമെന്ന്‌  പ്രശാന്ത്‌. അത്‌ തെളിയിക്കുന്നതാണ്‌ വോട്ടർമാരുടെ   പ്രതികരണങ്ങൾ. എൽഡിഎഫിന്റെ ഭരണമികവും മികച്ച സ്ഥാനാർഥിപ്പട്ടികയുമാണ്‌ ഇതിനുള്ള പ്രധാന കാരണം. കോവിഡ്‌ കാലത്ത്‌ സർക്കാരും നഗരസഭയും ലഭ്യമാക്കിയ സഹായങ്ങളെയും നാട്‌ അഭിനന്ദിക്കുന്നു. വോട്ട്‌ എൽഡിഎഫിനാണെന്ന്‌ അവർ ഉറപ്പിച്ചുകഴിഞ്ഞു–-പ്രശാന്തിന്റെ വാക്കുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top