20 April Saturday

കുടുംബത്തിലെ 5 പേർ 
വീട്ടിൽ മരിച്ചനിലയിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022
കിളിമാനൂർ   
ചാത്തൻപാറയിൽ ഹോട്ടലുടമയടക്കം കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ ജങ്‌ഷനിൽ വർഷങ്ങളായി തട്ടുകട നടത്തുന്ന കടയിൽവീട്ടിൽ മണിക്കുട്ടൻ(46, കുട്ടൻ), ഭാര്യ സന്ധ്യ (36), മക്കൾ അജീഷ് (19), അമേയ (13), മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകി (80) എന്നിവരാണ്‌ മരിച്ചത്‌. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം ഉള്ളിൽച്ചെന്ന്‌ മരിച്ച നിലയിലുമായിരുന്നു. ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്‌ അജീഷ്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌ അമേയ. 
ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന്‌ മണിക്കുട്ടന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ 5000 രൂപ പിഴയിട്ടിരുന്നു. തുടർന്ന് അടച്ചിട്ട കട, പിഴയടച്ച് ശനിയാഴ്‌ച തുറക്കാൻ സജ്ജമാക്കിയിരുന്നു. 
ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന്റെ ഗോഡൗണിലെ ചുമട്ടുതൊഴിലാളികൂടിയായിരുന്നു മണിക്കുട്ടൻ. ശനി രാവിലെ അഞ്ചരയോടെയെത്തിയ ചരക്കിറക്കാൻവേണ്ടി മണിക്കുട്ടനെ ഗോഡൗണിൽനിന്നുള്ളവർ വിളിച്ചിരുന്നു. കിട്ടാത്തതുകൊണ്ട്‌ സഹതൊഴിലാളിയും ഹോട്ടൽ ജീവനക്കാരനുംകൂടിയായ ഷംനാദ് വീട്ടിലെത്തി. വിളിച്ചിട്ട്‌ പ്രതികരണമില്ലാത്തതിനെ തുടർന്ന്‌ വീടിനോടുചേർന്ന മുറിയിൽ താമസിക്കുന്ന മണിക്കുട്ടന്റെ അമ്മ വാസന്തിയുമെത്തി. വാസന്തിയാണ്‌ ഹാളിൽ നിലത്ത് ദേവകിയെയും മുറിക്കുള്ളിൽ നിലത്ത് സന്ധ്യയെയും അമേയയെയും കട്ടിലിൽ അജീഷിനെയും മരിച്ചനിലയിലും തൂങ്ങിയനിലയിൽ മണിക്കുട്ടനെയും കണ്ടത്. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാൽ, കുടുംബം കൂട്ടആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ഇങ്ങനെ ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് മണിക്കുട്ടനെ അടുത്തറിയാവുന്നവർ പറയുന്നത്. തമിഴ്നാട്ടിൽ അടുത്തിടെ മണിക്കുട്ടൻ ഭൂമി വാങ്ങിയിരുന്നു. കൂടാതെ, താമസിക്കുന്ന കുടുംബവീട്ടിൽനിന്ന്‌ 500 മീറ്റർ അകലെ വീടുവാങ്ങി പുനർനിർമിച്ച്‌ പാലുകാച്ചലും നടത്തി. ഇവിടേക്ക്‌ താമസം മാറാനിരിക്കെയാണ് കൂട്ടമരണം. സമഗ്രാന്വേഷണത്തിന്‌ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന്‌ പൊലീസ്‌ അറിയിച്ചു. വർക്കല ഡിവൈഎസ്‌പി പി നിയാസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി.  
തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പുതിയ വീടിന്റെ വളപ്പിൽ അഞ്ചുപേരെയും സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top