തിരുവനന്തപുരം
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ സജീവസാന്നിധ്യവുമായിരുന്ന പ്രിയ നേതാവിന്റെ ഓർമദിന പരിപാടികളിൽ നാടാകെ പങ്കാളികളായി. സിപിഐ എം ഓഫീസുകൾ അലങ്കരിച്ച് പാർടി പതാക ഉയർത്തി. നാടെങ്ങും അനുസ്‌മരണ സമ്മേളനങ്ങൾ, സെമിനാറുകൾ, വളന്റിയർ മാർച്ചോടുകൂടിയ ബഹുജന റാലികൾ എന്നിവ സംഘടിപ്പിച്ചു.
എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. ദേശാഭിമാനി ചീഫ് എഡിറ്റർകൂടിയായിരുന്ന കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത് ജനറൽ മാനേജർ കെ ജെ തോമസ് അനാച്ഛാദനം ചെയ്‌തു. അനുസ്‌മരണ സമ്മേളനം അദ്ദേഹം ഉദ്‌ഘാടനംചെയ്‌തു. റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി. ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ആസ്ഥാനമായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ പതാക ഉയർത്തി. പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, എസ് പുഷ്‌പലത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..