തിരുവനന്തപുരം
തിമിർത്ത് പെയ്‌ത മഴയിലും സ്‌കൂളിലെ ആദ്യദിനം അവർ ആഘോഷമാക്കി. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും സ്‌കൂളിലെത്തിയ ആറായിരത്തോളം കുടുംബശ്രീ അംഗങ്ങളെ മിഠായിയും പൂവും നൽകി വരവേറ്റു. മഴകാരണം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അസംബ്ലിയിൽ അച്ചടക്കത്തോടെ എല്ലാവരും പങ്കെടുത്തു. ചിലരാകട്ടെ മക്കളോടും പേരക്കുട്ടികളോടും ഒപ്പമാണ് സ്‌കൂളിലെത്തിയത്.
കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിൻ ജില്ലയിൽ ആവേശ തുടക്കമായി. തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ജില്ലാതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കാലികമായ അറിവുകൾ സ്വായത്തമാക്കുവാൻ തിരികെ സ്‌കൂളിൽ ക്യാമ്പയിൻ വഴി സംസ്ഥാനത്തെ സ്‌ത്രീകൾക്ക് അവസരമൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള നിർമിതിക്ക് ഇത് മുതൽക്കൂട്ടാകും. കുടുംബശ്രീ കേരളത്തിന്റെ മുഖ്യ ഊർജമായെന്നത് അഭിമാനമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, തദ്ദേശ ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കൗൺസിലർ ജി മാധവദാസ്, കുടുംബശ്രീ ജില്ലാമിഷൻ കോ -ഓർഡിനേറ്റർ ബി ശ്രീജിത്ത്, പിആർഒ നാഫി മുഹമ്മദ്, സിഡിഎസ് ചെയർപേഴ്സൺ എ ഷൈന എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..