തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെയും കയർ ബോർഡിന്റെയും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കയർപിരി കൂലി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) വൈക്കത്തുനിന്നും കഴിഞ്ഞ 27ന് ആരംഭിച്ച് സംസ്ഥാന വാഹന പ്രചാരണ ജാഥ ജില്ലയിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോവളത്ത് സമാപിച്ചു.
കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) ജനറൽ സെക്രട്ടറി കെ കെ ഗണേഷൻ ക്യാപ്‌റ്റനും എൻ സായികുമാർ വൈസ് ക്യാപ്‌റ്റനും എൻ ആർ ബാബുരാജ് മാനേജറുമായ ജാഥ ശനി രാവിലെ കൊല്ലം പരവൂരിൽനിന്നും ആരംഭിച്ച് ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി.
കെ പ്രസാദ്, ടി കെ ദേവകുമാർ, കെ കരുണാകരൻ, കെ പി കുറുപ്പ്, വി എസ് മണി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സുരേശ്വരി ഘോഷ്, സുലേഖ, മങ്ങന്തറ ദേവൻ എന്നിവരാണ് ജാഥാ അംഗങ്ങൾ. ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് അഞ്ചുതെങ്ങിലായിരുന്നു ആദ്യ സ്വീകരണം. സെക്രട്ടറിയറ്റിനുമുന്നിൽ 2015ൽ നടന്ന അനിശ്ചിതകാല സമരത്തിൽ കയർവകുപ്പ് മന്ത്രിയുടെ ഓഫീസിനകത്ത് കയറി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച എൺപതുകാരി സാവിത്രിയമ്മ, ദീർഘകാലം ജയിൽവാസമനുഭവിച്ച നളിനി, ഹേമലത, സരോജിനി, ബേബി, സാവിത്രി, ശകുന്തള, പുഷ്പലത, പുഷ്പലതിക എന്നിവർ ഉൾപ്പെടെയുള്ള നൂറുകണക്കിന് കയർ തൊഴിലാളികൾ ചേർന്നാണ് അഞ്ചുതെങ്ങിലെ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റനെ വരവേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷനായി. ചിറയിൻകീഴ് പി മുരളി അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ സുഭാഷ് സംസാരിച്ചു.
പെരുങ്ങുഴിയിലെ സ്വീകരണത്തിൽ ആർ അജിത് അധ്യക്ഷനായി. പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിനുസമീപം നടന്ന ജാഥാ സമാപനം സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻ ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജെ സുക്കാർണോ, സിഐടിയു ഏരിയ സെക്രട്ടറി കരിങ്കട രാജൻ, എം എം ഇബ്രാഹിം എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡി ജയകുമാർ സ്വാഗതവും സി തമ്പിക്കുട്ടൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..