03 December Sunday

കാലം മായ്ക്കാത്ത സമരവീര്യത്തിന് 85

ഗിരീഷ് എസ് വെഞ്ഞാറമൂട്Updated: Sunday Oct 1, 2023

കല്ലറ ജങ്ഷനിലെ സ്മാരകം

വെഞ്ഞാറമൂട്
ജന്മിമാരുടെയും അധികാരവർഗങ്ങളുടെയും കാടത്തങ്ങൾക്കെതിരെ ഗ്രാമീണ കർഷകരുടെ ചെറുത്തുനിൽപ്പായ കല്ലറ- പാങ്ങോട് സമരത്തിന് 85 വയസ്സ്‌. 1938 സെപ്‌തംബര്‍ 30ന് നടന്ന പാങ്ങോട് പൊലീസ് സ്‌റ്റേഷന്‍ ആക്രമണവും അതിന്‌ സാക്ഷിയായ പഴയ സ്‌റ്റേഷനുമെല്ലാം ഇന്നത്തെ തലമുറയ്ക്ക് ആവേശമാണ്. 1936ല്‍ സര്‍ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂര്‍ ദിവാനായതോടെ ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളും നികുതിവ്യവസ്ഥകളും പ്രഖ്യാപിച്ചു. ചന്തകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് അമിത നികുതി ഏര്‍പ്പെടുത്തി. ചന്തപ്പിരിവ് കരാറെടുക്കുന്ന ഏജന്റുമാര്‍  മനുഷ്യത്വമില്ലാതെയാണ് കര്‍ഷകരോട് പെരുമാറിയിരുന്നത്. അമിതനികുതി നല്‍കാന്‍ വിസമ്മതിക്കുന്നവരെ നേരിടാന്‍ പൊലീസിനെയും ഗുണ്ടകളെയും ചുമതലപ്പെടുത്തി. അതിക്രമങ്ങള്‍ക്കെതിരെ പലപ്പോഴും കര്‍ഷകര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു.
കര്‍ഷക സമരങ്ങളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീരുന്ന സമയംകൂടിയായിരുന്നു അത്‌. 1938 ആഗസ്ത്‌ 26 മുതല്‍ നിയമലംഘന പ്രക്ഷോഭം ആരംഭിക്കാന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ചന്തപ്പിരിവ് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ഏറ്റുമുട്ടലിന്റെ പുതിയ സമരമുഖം തുറന്നു. എന്‍ സി വൈദ്യന്‍, ജമാല്‍ ലബ്ബ, മടത്തുവാതുക്കല്‍ ശങ്കരന്‍, രാമേലീകോണം പത്മനാഭന്‍ എന്നിവരായിരുന്നു നേതൃത്വം നൽകിയത്‌. 
കടയില്‍ സാധനം വാങ്ങാനെത്തിയ കൊച്ചപ്പി പിള്ളയെന്ന ചെറുപ്പക്കാരനെ സമരക്കാരെന്ന്‌ ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത്‌ പാങ്ങോട് സ്‌റ്റേഷനില്‍ എത്തിച്ച്‌ മർദിച്ചു. തുടർന്നായിരുന്നു പൊലീസുമായുള്ള ഏറ്റുമുട്ടലും സ്‌റ്റേഷൻ ആക്രമണവും. ഏറ്റുമുട്ടലില്‍ പ്ലാങ്കീഴില്‍ കൃഷ്ണന്‍, ചെറുവാളം കൊച്ചുനാരയണാനാശാരി എന്നിവർ രക്തസാക്ഷികളായി.   കർഷകജനതതയുടെ ഉജ്വല പോരാട്ടവീര്യത്തിന്റെ ചരിത്രമാണ് ഈ സമരത്തിനുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ 39 ഉന്നതങ്ങളായ സമര ശ്രേണികളുള്ളതില്‍ ഇരുപത്താറാം സ്ഥാനമാണ് കല്ലറ പാങ്ങോട് സമരത്തിനുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top