തിരുവനന്തപുരം
ഭാര്യയെ തലയ്ക്കടിച്ചു കൊന്ന യുവാവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. അഴൂർ മുട്ടപ്പാലം പുതുവൽവിള വീട്ടിൽ സന്തോഷിനെ (37) യാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക മകൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2011 ഒക്ടോബർ 27നാണ് സന്തോഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വന്ന് ദേഹോപദ്രവം ചെയ്യുന്നത് പൊലീസിൽ അറിയിച്ചതായിരുന്നു കാരണം. കൊലപാതകം നടക്കുന്നതിന്റെ തലേന്നാണ് നിഷ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സന്തോഷിനെ വീട്ടിൽ അന്വേഷിച്ചെത്തി. ഇതറിഞ്ഞ സന്തോഷ് വീട്ടിൽനിന്ന് മാറി നിന്നു. പിറ്റേന്ന് വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം കൊലപാതകം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു.18 രേഖയും ഏഴ് തൊണ്ടി മുതലും ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..