06 July Sunday

വിസ വാഗ്ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടിയ യുവാവ്‌ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022
മംഗലപുരം
വിവിധ ജില്ലകളിൽ നിന്നായി വിസ വാഗ്ദാനംചെയ്ത്‌ നിരവധിപേരിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവാവ്‌ അറസ്റ്റിൽ. മുദാക്കൽ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ രതീഷ്‌ (40) ആണ് അറസ്റ്റിലായത്‌. 
ഇടുക്കി സ്വദേശി അൽ-അമീറിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അമീറിൽനിന്നുമാത്രം ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ച്‌ സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ചശേഷമാണ്‌ തട്ടിപ്പ്‌.  
അബുദാബിയിലെയും മറ്റും വിമാനത്താവളങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനംചെയ്ത്‌ പ്രദേശത്തെ വാട്സാപ്‌ ഗ്രൂപ്പുകളിൽ മെസേജിടും. വിസയ്‌ക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും വ്യാജ ഓഫർ ലെറ്ററും കാണിച്ച്‌ മുദ്രപ്പത്രത്തിൽ കരാർ എഴുതിയും ബാങ്ക് വഴിയും പണം കൈപ്പറ്റിയശേഷം താമസം മാറിപ്പോവുകയാണ് പതിവ്‌. തിരുവനന്തപുരം,  ഇടുക്കി ജില്ലകളിലാണ് കൂടുതൽ തട്ടിപ്പ് നടത്തിയത്. രതീഷിന്റെ പേരിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ട് കേസുമുണ്ട്‌. പന്തളത്തെ ഒരു ഡോക്ടറുടെ വീട്ടിൽ വാടകയ്ക്ക് ഒളിവിൽ താമസിക്കുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌. ആറ്റിങ്ങൽ ഡിവൈഎസ്‌പി എ ജി ബിനുവിന്റെ നിർദേശപ്രകാരം മംഗലപുരം എസ്എച്ച്‌ഒ സജീഷ്, ജയൻ, ഫ്രാങ്ക്‌ളിൻ, ശ്രീജിത്ത്‌ എന്നിവരാണ് പിടികൂടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top