17 April Wednesday

നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി---- –- 
ഐഎസ്ആര്‍ഒ ബസുകൾ കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

നെയ്യാറ്റിൻകര കൃഷ്ണപുരം ​ഗ്രാമം ജങ്ഷനിൽ കെഎസ്ആർടിസിയും ഐഎസ്ആർഒ ബസും കൂട്ടിയിടിച്ച നിലയിൽ

നെയ്യാറ്റിൻകര 
കെഎസ്‌ആർടിസി ബസും ഐഎസ്ആർഒയുടെ ബസും കൂട്ടിയിടിച്ച്‌ 31 പേർക്കു പരിക്ക്‌. വ്യാഴം പുലർച്ചെ ആറോടെ ദേശീയപാതയിൽ നെയ്യാറ്റിൻകര കൃഷ്ണപുരം ​ഗ്രാമം ജങ്ഷനിലെ കൊടും വളവിലാണ്‌ അപകടം. രണ്ടു ബസിലെയും ഡ്രൈവർമാർക്ക് ​ഗുരുതര പരിക്കുണ്ട്‌. യാത്രക്കാരിൽ ആരുടെയും പരിക്ക് ​ഗുരുതരമല്ല. കെഎസ്ആർടിസി ബസ്‌ ഡ്രൈവർ ചെങ്കൽ സ്വദേശി അനിൽകുമാർ, ഐഎസ്ആർഒ ബസ് ഡ്രൈവർ പേട്ട സ്വദേശി സുരേഷ് എന്നിവർക്ക്‌ കാലിന് പൊട്ടലേറ്റു. 
യാത്രക്കാരായ 12 പേർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും 14 പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ​ഗതാ​ഗതം തടസ്സപ്പെട്ടു. 
പാറശാലയിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്‌. തിരുവനന്തപുരത്തുനിന്ന്‌ പാറശാലയിലേക്ക്‌ പോകുകയായിരുന്നു ഐഎസ്ആർഒയുടെ ബസ്. കൃഷ്‌ണപുരം വളവിൽ ഐഎസ്‌ആർഒ ബസ്‌ ഓട്ടോയെ മറികടക്കവെയാണ്‌ കെഎസ്‌ആർടിസി ബസിലിടിച്ചതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു ബസിലെയും ഡ്രൈവറുടെ ക്യാബിനുകൾ തകർന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നെയ്യാറ്റിൻകര പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഇതുവഴിയെത്തിയ രണ്ട് 108 ആംബുലൻസിലായി പരിക്കേറ്റവരെയാകെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനായി. 
കൃഷ്ണപുരം ജങ്ഷനിലെ ഈ കൊടുംവളവിൽ വാഹനാപകടം പതിവാണ്. റോഡ്‌ വളരെ വീതിയുള്ളതിനാൽ മിക്കപ്പോഴും വാഹനങ്ങൾ അമിതവേ​ഗത്തിലുമായിരിക്കും. ഇതാണ്‌ അപകടകാരണം. ഈ കൊടുംവളവ് നേരെയാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കരമന–- കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാ​ഗമായി ഇത് പരിഹരിക്കാമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. എന്നാൽ, വൈകുംതോറും അപകടങ്ങളേറും എന്നാണ്‌ നാട്ടുകാരുടെ ആശങ്ക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top