29 March Friday

പതിനാലുകാരിയുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
കോവളം 
കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോവളം പൊലീസിന്റെ അന്വേഷണം പൂർത്തിയായി. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വ്യാഴാഴ്ച നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ചു. 600പേജുള്ള കുറ്റപത്രമാണ് കോവളം പൊലീസ് സമർപ്പിച്ചത്‌.
കോവളം മുട്ടയ്ക്കാട് ചിറയിൽ ഗീതയുടെയും ആനന്ദൻ ചെട്ടിയാരുടെയും വളർത്തുമകളായ പതിനാലുകാരിയെ 2021 ജനുവരിയിലാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 
പെൺകുട്ടിയെ കൊലപ്പെടുത്തിയതിനും പീഡിപ്പിച്ചതിനുമടക്കം രണ്ടുകേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 67 സാക്ഷികൾ, 35 തൊണ്ടിമുതൽ, 51 രേഖകൾ എന്നിവയും  പോസ്റ്റ്‌മോർട്ടം–- ഫോറൻസിക് റിപ്പോർട്ടുകളുമടക്കമാണ് കോടതിയിൽ സമർപ്പിച്ചത്. 
പെൺകുട്ടിയുടെ വീടിനു സമീപത്തായി താമസിച്ചിരുന്ന വിഴിഞ്ഞം സ്വദേശിനി റഫീക്ക, മകൻ ഷെഫീഖ്, റഫീക്കയുടെ ആൺസുഹൃത് അൽ അമീൻ എന്നിവരാണ് കേസിലെ പ്രതികൾ. കുട്ടിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ റഫീക്ക ഒന്നാം പ്രതിയും മകൻ ഷെഫീഖ് രണ്ടാം പ്രതിയുമാണ്.
കുട്ടിയെ പീഡിപ്പിച്ച കേസിൽ ഷെഫീക്കിനെ ഒന്നാം പ്രതിയാക്കി പോക്സോ കേസും എടുത്തിട്ടുണ്ട്. സംഭവം മറച്ചുവച്ചതിനെ തുടർന്നാണ് അൽ അമീനെയും പ്രതി ചേർത്തത്. റഫീക്ക് തന്നെ പീഡിപ്പിച്ച സംഭവം രക്ഷിതാക്കളോട് പറയുമെന്നു പറഞ്ഞതിനെ തുടർന്നാണ് കുട്ടിയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചും ചുവരിലിടിച്ചും പരിക്കേൽപ്പിച്ചത്. പരിക്കിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ ആദ്യം കുട്ടിയുടെ രക്ഷിതാക്കളെയും ബന്ധുക്കളെയുമാണ് പ്രതിയാക്കിയിരുന്നത്. എന്നാൽ, വിഴിഞ്ഞം മുല്ലൂരിൽ വയോധികയായ ശാന്തകുമാരി കൊല്ലപ്പെട്ട കേസി ൽ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരെയും ചോദ്യം ചെയ്യുന്നതിനിടയിലാണ്  ദുരൂഹ മരണത്തിന്റെ ചുരുളഴിഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top