25 April Thursday
പങ്കെടുത്തത്‌ പത്തിൽ താഴെപേർ

മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച്‌ കബറടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
 
തിരുവനന്തപുരം
കോവിഡ്‌ ബാധിച്ച്‌ മരിച്ച പോത്തൻകോട്‌ സ്വദേശി അബ്ദുൾ അസീസിന്റെ മൃതദേഹം കബറടക്കിയത്‌ ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച്‌. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ചൊവ്വാഴ്‌ച പകൽ രണ്ടോടെ പോത്തൻകോട്‌ മഞ്ഞമല കല്ലൂർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിലായിരുന്നു കബറടക്കം. ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും പള്ളി സെക്രട്ടറി, ഇമാം എന്നിവരും അടക്കം പത്തിൽ താഴെ പേർ മാത്രമാണ്‌ പങ്കെടുത്തത്‌. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. എം കെ അജയകുമാറിന്റെയും സൂപ്രണ്ട്‌ എം എസ്‌ ഷർമ്മദിന്റെയും മേൽനോട്ടത്തിലായിരുന്നു കബറടക്കം.
പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ മൂന്നു പാളിയായി പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കിയാണ്‌ മൃതദേഹം  മെഡിക്കൽ കോളേജിൽനിന്ന്‌ വിട്ടുനൽകിയത്‌.  ഉച്ചയോടെ  ആംബുലൻസിൽ പള്ളിയിലെത്തിച്ചു. മൃതദേഹത്തിൽ തൊടാനോ അടുത്തുനിന്ന്‌ കാണാനോ അനുവാദം നൽകിയില്ല.  മൃതദേഹവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരെല്ലാം പിപിഇ കിറ്റ്‌ ഉപയോഗിച്ചു.
മൃതദേഹം എത്തുമ്പോഴേക്കും പത്ത്‌ അടി താഴ്‌ചയിൽ കുഴി തയ്യാറാക്കിയിരുന്നു. ആരോഗ്യവകുപ്പ്‌ അധികൃതർ കുഴി അളന്നു തിട്ടപ്പെടുത്തി. കുഴിയിൽ ബ്ലീച്ചിങ്‌ പൗഡർ വിതച്ചശേഷം ആരോഗ്യവകുപ്പ്‌ അധികൃതരുടെ സാന്നിധ്യത്തിൽ സന്നദ്ധപ്രവർത്തകരായ അഞ്ചു പേർ ചേർന്ന്‌ മൃതദേഹം കുഴിയിലിറക്കി. ഇവരെല്ലാം കോട്ടും മാസ്‌ക്കും കൈയുറകളും കൊണ്ട്‌ ശരീരം മറച്ചിരുന്നു. മൃതദേഹത്തിനു പുറത്തും ബ്ലീച്ചിങ്‌ പൗഡർ വിതച്ചശേഷം തടികൊണ്ട്‌ മറച്ചാണ്‌ മണ്ണിട്ടത്‌.  തുടർന്ന്‌ ഇമാം സമീർ മൗലവിയുടെ നേതൃത്വത്തിൽ മയ്യത്ത്‌ നമസ്‌കാരം നടത്തി. സംസ്‌കാരത്തിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകർ അടക്കം തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷണത്തിൽ കഴിയും. കബറടക്കം നടക്കുമ്പോൾ പള്ളിക്കു മുൻവശത്തെ റോഡ്‌ വഴിയുള്ള ഗതാഗതവും പൊലീസ്‌ പൂർണമായി തടഞ്ഞിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top