24 April Wednesday
ബിജെപി മലയിൻകീഴ്‌ മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോര്‌

സുരേഷിന്റെ ഇടപെടൽ 
പ്രശ്നം രൂക്ഷമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
വിളപ്പിൽ
ബിജെപി മലയിൻകീഴ് മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോര് സംസ്ഥാന നേതൃതല ഏറ്റുമുട്ടലിലേക്ക്‌.  പുനഃസംഘടനയിലും മണ്ഡലം പ്രസിഡന്റിന്റെ പ്രവർത്തനങ്ങളിലും ശക്തമായ എതിർപ്പുള്ള വിഭാഗം ജനപ്രതിനിധികൾ ഉൾപ്പെടെ രാജി പ്രഖ്യാപനം നടത്തി ഏറ്റുമുട്ടാൻ ഇറങ്ങിയിരുന്നു. ഈ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി എസ്‌ സുരേഷ്‌ ഇടപെട്ട്‌ യോഗം വിളിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന്‌ വാർത്തയും ചില പത്രങ്ങളിൽ കൊടുത്തു. എന്നാൽ, ആ യോഗത്തോടെ പ്രശ്നങ്ങൾ രൂക്ഷമായെന്ന്‌ ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. വിളവൂർക്കൽ, മലയിൻകീഴ്, പള്ളിച്ചൽ  പഞ്ചായത്തുകൾ ചേരുന്നതാണ് ബിജെപി മലയിൻകീഴ് മണ്ഡലം കമ്മിറ്റി. പി കെ കൃഷ്ണദാസ് –- കെ സുരേന്ദ്രൻ വിഭാഗക്കാർ ബലാബലം ഏറ്റുമുട്ടുന്ന ഇവിടെ മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു സുരേന്ദ്രൻ പക്ഷത്തേക്ക്‌ മാറിയതോടെയാണ്‌ പ്രശ്നങ്ങൾ രൂക്ഷമായത്‌. 
കൃഷ്ണദാസിന്റെ ഉറ്റ അനുയായി ആയിരുന്ന ബിജുവിന്റെ ചാട്ടം ഒരു വിഭാഗം പ്രവർത്തകരിലും അണികളിലും കടുത്ത പ്രതിഷേധമുയർത്തി. 
പ്രവർത്തിക്കാത്ത നേതാക്കളെയും പ്രവർത്തകരെയും ബിജു പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപം കൃഷ്ണദാസ്‌ പക്ഷം ശക്തമാക്കി. 
കെ സുരേന്ദ്രനെതിരെ സംസ്ഥാന തലത്തിൽ പ്രചരിപ്പിക്കുന്നതും ഇതേ കാര്യമാണ്‌. ബിജുവിനെതിരെ മഹിളാ മോർച്ച ഗൗരവമേറിയ പരാതി നൽകിയിട്ടും സുരേന്ദ്രൻ ഗൗനിച്ചില്ല.  ഇക്കാര്യത്തിൽ ഗുരുതര വീഴ്‌ചയാണ്‌ ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷും വരുത്തിയിരിക്കുന്നതെന്നും കൃഷ്ണദാസ്‌ പക്ഷക്കാർ പറയുന്നു. മണ്ഡലത്തിലെ ഉള്ള പിന്തുണകൂടി ബിജെപി ക്ക്‌  നഷ്ടപ്പെട്ടുവെന്ന്‌ ഇവർ ചൂണ്ടിക്കാട്ടുമ്പോൾ ‘തൽക്കാലം അങ്ങനെ പോകട്ടെ’ എന്ന നിലപാടാണ്‌ സുരേന്ദ്രൻ പക്ഷക്കാർക്കുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top