26 April Friday

പുതിയ ട്രെയിനുകളിലും കേരളമില്ല ; റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടലിന്‌ സമാന സ്ഥിതിയിൽ

പ്രത്യേക ലേഖകൻUpdated: Tuesday Sep 15, 2020


കോഴിക്കോട്
പുതിയ ട്രെയിനുകൾ അനുവദിച്ചതിലും കേരളത്തിന് അവഗണന. 12 മുതൽ ആരംഭിച്ച 40 ജോഡി മെയിൽ –- എക്സ്പ്രസ് പ്രത്യേക സർവീസുകളിൽ ഒന്നുപോലും കേരളത്തിലില്ല.  രണ്ട്‌ ശതാബ്‌ദി,  നാല്‌ വന്ദേഭാരത് എക്സ്പ്രസുകൾ ഉൾപ്പെടെ 80 ട്രെയിനുകളാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് തുടങ്ങിയത്. ലോക്‌ ഡൗൺ ഇളവിനുശേഷം 30 രാജധാനി സ്പെഷ്യൽ അടക്കം 230 ട്രെയിൻ സർവീസുകൾ തുടങ്ങിയതിനു പുറമെയാണിത്. 

കേരളത്തിൽ ജനശതാബ്‌ദി ട്രെയിനുകളും കൊങ്കൺ പാത വഴി നിസാമുദ്ദിൻ, ലോകമാന്യ തിലക് എക്സ്പ്രസുകളും മാത്രമാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. ഇതിൽ ജനശതാബ്‌ദി നിർത്തലാക്കാൻ നീക്കമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഇടപെടലും ജനകീയ പ്രതിഷേധവും മൂലം ഉപേക്ഷിച്ചു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക്‌ ഇനിയും നാമമാത്ര സർവീസ് പോലും‌ തുടങ്ങിയിട്ടില്ല. കോവിഡ് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ആവശ്യമായ മുൻകരുതലോടുകൂടി സർവീസുകൾ തുടങ്ങേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തിനകത്ത്‌ ബസ് സർവീസുകൾ പുനരാരംഭിക്കുകയും അന്തർസംസ്ഥാന സർവീസുകൾ നിയന്ത്രണങ്ങളോടെ തുടങ്ങുകയും മെട്രോ സർവീസ് ആരംഭിക്കുകയുംചെയ്തു. സുരക്ഷിത ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് ജനങ്ങൾക്ക്‌ സൗകര്യപ്രദമാകും. റെയിൽവേയിൽ കൂടുതൽ സുരക്ഷാ നടപടികൾ എടുക്കാനുള്ള സജ്ജീകരണങ്ങളുണ്ട്. 

കേരളത്തെക്കാൾ രൂക്ഷമായ രോഗവ്യാപനം നേരിടുന്ന തമിഴ്നാട്, കർണാടക, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ കൂടുതൽ വണ്ടികൾ ഓടിത്തുടങ്ങി. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ, മെമു/എമു ട്രെയിനുകൾ ഇനിയും ഓടിക്കാൻ നടപടികളില്ല. റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടലിന്‌ സമാന സ്ഥിതിയിലാണുള്ളത്. റെയിൽവേ സ്ഥാപനങ്ങൾ മാർച്ച്‌ 25 മുതൽ പൂർണ അടച്ചുപൂട്ടലിൽ ആയതുകൊണ്ട് ലക്ഷക്കണക്കിന് പേർക്കാണ് തൊഴിലും വരുമാനവും നഷ്ടപ്പെട്ടത്. കൂടുതൽ യാത്രക്കാരുള്ള  തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിൽനിന്ന്‌ പുതിയ ട്രെയിനുകൾ  ക്രമീകരണങ്ങളോടെ തുടങ്ങണമെന്നും റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് സ്ഥാപനങ്ങളും മറ്റും ലൈസൻസ്‌ ഫീസിൽ ഇളവുചെയ്‌ത്‌‌ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്നും  ഡിആർഇയു കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top