25 April Thursday

സോളാർ പീഡനക്കേസ്‌ : ഹൈബി ഈഡനെ 
വീണ്ടും ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


കൊച്ചി
സോളാർ സ്‌ത്രീപീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ വീണ്ടും ചോദ്യംചെയ്യും. വെള്ളി കൊച്ചിയിൽ ഹൈബിയെ സിബിഐ സംഘം ഒരുമണിക്കൂറിലേറെ ചോദ്യം ചെയ്‌തിരുന്നു. എംഎൽഎ ഹോസ്‌റ്റലിലെ തെളിവെടുപ്പിന്റെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട ചോദ്യംചെയ്യൽ. എംഎൽഎ ഹോസ്‌റ്റലിലെ ജീവനക്കാരുടെ മൊഴി വീണ്ടുമെടുത്തശേഷമായിരിക്കും ഹൈബിയെ വീണ്ടും ചോദ്യംചെയ്യുക.

ഹൈബിയെ ചോദ്യംചെയ്യുന്നതിൽനിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി മറ്റു പ്രതികളെയും ഉടൻ ചോദ്യംചെയ്യാനാണ്‌ സിബിഐ നീക്കം. നിർണായകവിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന. ക്ലിഫ്‌ ഹൗസ്‌, എംഎൽഎ ഹോസ്റ്റലിൽ ഹൈബി താമസിച്ച മുറി എന്നിവിടങ്ങളിൽ പരാതിക്കാരിയുമായി സിബിഐ തെളിവെടുപ്പ്‌ നടത്തിയിരുന്നു. എംഎൽഎ ഹോസ്‌റ്റലിലെ മുറിയിൽ മാറ്റങ്ങൾ വന്നതായി പരാതിക്കാരി പറഞ്ഞു. വരുത്തിയ മാറ്റങ്ങൾ വ്യക്തമാക്കാൻ ജീവനക്കാരോട്‌ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌. കേരള ഹൗസിലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും സിബിഐ എത്തിയിരുന്നു. ഹോട്ടലിലെ രജിസ്‌റ്റർ രേഖകൾ കസ്‌റ്റഡിയിലെത്തതിനു പിന്നാലെയാണ്‌ ഹൈബിയെ ചോദ്യംചെയ്‌തത്‌.

സോളാർ പദ്ധതിയെക്കുറിച്ച്‌ ചർച്ച ചെയ്യാൻ 2012ൽ പരാതിക്കാരി എംഎൽഎ ഹോസ്‌റ്റലിൽ എത്തിയപ്പോൾ എംഎൽഎയായിരുന്ന ഹൈബി ഈഡൻ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 34–-ാം നമ്പർ മുറിയിലായിരുന്നു പീഡനം. ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച കേസ് പരാതിക്കാരി ആവശ്യപ്പെട്ടതനുസരിച്ച്‌  കഴിഞ്ഞവർഷമാണ് സിബിഐ ഏറ്റെടുത്തത്. സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറു പീഡനപരാതികളാണ് ആറുസംഘങ്ങളായി സിബിഐ അന്വേഷിക്കുന്നത്. കോൺഗ്രസ്‌ നേതാക്കളായ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാ‍ർ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി എന്നിവരും പീഡനക്കേസിൽ പ്രതികളാണ്‌.

തൃക്കാക്കരയിൽ ചൂടുപിടിച്ച്‌ 
സോളാർ ചർച്ച
സ്‌ത്രീപീഡന കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്‌തതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ സോളാർ കേസ്‌ വീണ്ടും ചർച്ചയാകുന്നു. ഹൈബിക്കുപുറമെ ഉമ്മൻചാണ്ടി ഉൾപ്പെടെ ആറ്‌ കോൺഗ്രസ്‌ നേതാക്കളും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിയുമാണ്‌ കേസിൽ പ്രതി.   ഹൈബിക്കാണ്‌ തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണത്തിന്റെ പ്രധാനചുമതല. നടൻ ദിലീപ്‌ പ്രതിയായ പീഡനക്കേസിൽ പി ടി തോമസിന്റെ ഇടപെടൽ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന യുഡിഎഫ്‌ ക്യാമ്പ്‌ ഇതൊടെ അങ്കലാപ്പിലാണ്‌. ഇത്‌ മുൻകൂട്ടി കണ്ട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ സമയം തരണമെന്ന്‌ ഹൈബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ച്‌ സിബിഐ സംഘം എറണാകുളത്തേക്ക്‌ എത്തി ചോദ്യം ചെയ്യുകയായിരുന്നു.

മാധ്യമങ്ങളിൽ നിന്ന്‌ രക്ഷനേടാൻ മറ്റൊരു വാഹനത്തിലാണ്‌ ഹൈബി എത്തിയത്‌. ഒരുമണിക്കൂർ ചോദ്യം ചെയ്‌തു.  വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ്‌ സൂചന.

നടൻ വിജയ്‌ ബാബു പീഡിപ്പിച്ച കേസിലെ പരാതിക്കാരിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞ ദിവസം നഗരത്തിൽ ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഹൈബി പങ്കെടുത്തിരുന്നു. സോളാർ കേസ്‌ സജീവമായതോടെ ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന പരിപാടിയിലെ എംപിയുടെ സാന്നിധ്യം  സാമൂഹ്യമാധ്യമത്തിൽ ചർച്ചയാകുന്നുണ്ട്‌. ഹൈബി എറണാകുളം എംഎൽഎയായിരിക്കെയാണ്‌ സോളാർ ഇടപാടുമായി ബന്ധപ്പെട്ട സ്‌ത്രീപീഡനം നടക്കുന്നത്‌. 2012ൽ എംഎൽഎ ഹോസ്‌റ്റലിന്റെ നിള ബ്ലോക്കിലെ ഹൈബിയുടെ മുറിയിലാണ്‌ പീഡിപ്പിച്ചതെന്നാണ്‌ ഇരയുടെ പരാതി. ഇതുപ്രകാരം ക്രൈംബ്രാഞ്ച്‌ പ്രഥമവിവര റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു. അതേ റിപ്പോർട്ടിൽത്തന്നെയാണ്‌ സിബിഐ കേസെടുത്തിട്ടുള്ളത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top