20 April Saturday

‘മറുപടി നൽകും തൃക്കാക്കര; കാത്തിരുന്നോളൂ...’

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


കൊച്ചി
മാധ്യമങ്ങളോട് സംസാരിച്ച അതിജീവിതയെയും തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കലിനെയും മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയായിരുന്നു സമൂഹമാധ്യമങ്ങളിലെ വ്യാഴാഴ്ചത്തെ പ്രധാന ചർച്ച. മുഖ്യമന്ത്രിയെ കണ്ടശേഷം ‌അതിജീവിത മാധ്യമങ്ങളോട് പറഞ്ഞത് സർക്കാരിനെ പൂർണവിശ്വാസമാണെന്നും തന്റെ വാക്കുകൾ സർക്കാരിന്‌ എതിരല്ലെന്നും അത് വളച്ചൊടിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു. ഇത് ലൈവായി കാണിച്ച മാധ്യമങ്ങൾ, എന്തുകൊണ്ട് ദയ പാസ്കൽ പറഞ്ഞത് ഫ്ലാഷ് ന്യൂസിൽപ്പോലും കാണിച്ചില്ല എന്നാണ് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിലും ​ഗ്രൂപ്പുകളിലും പേജുകളിലും ചാറ്റ് ബോക്സുകളിലുമെല്ലാം ഇത് ചൂടുപിടിച്ച ചർച്ചയായി.

തൃക്കാക്കരയിൽ സ്ഥാനാർഥിയായെന്ന കാരണത്താൽ യുഡിഎഫിന്റെ സൈബർ അണികൾ ഡോ. ജോ ജോസഫിന്റെ പേരിൽ പ്രചരിപ്പിച്ച അശ്ലീലവീഡിയോയെക്കുറിച്ച് ദയ പാസ്കൽ സംസാരിക്കുമ്പോൾ എല്ലാ ചാനൽ മൈക്കുകളും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോ സഹിതമാണ് ചർച്ച.

വ്യാജപ്രചാരണത്തെ തുടർന്ന്‌ നിസ്സഹായതയോടെ മാധ്യമങ്ങൾക്കുമുന്നിൽ വന്ന സ്ത്രീയുടെ വാക്കുകളെ വകവയ്ക്കാതെ നിങ്ങൾ എന്തു പ്രവർത്തനമാണ് നടത്തുന്നതെന്ന് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആ കുടുംബത്തെ വേട്ടയാടാൻ പോകുന്ന വീഡിയോ പ്രചരിപ്പിച്ചവരെക്കാൾ, അവരോടുള്ള വിധേയത്വംകൊണ്ട് അത് മറച്ചുപിടിക്കുന്ന മാധ്യമങ്ങൾ കുറ്റക്കാരാണെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. ‌‌
‘നമ്മളൊക്കെ മനുഷ്യരല്ലേ, ഇതൊക്കെ ക്രൂരമല്ലേ, ഇലക്‌ഷൻ കഴിഞ്ഞാലും നമുക്കിവിടെ ജീവിക്കണ്ടേ, കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ, എനിക്ക് ജോലിക്ക് പോകണ്ടേ, ഇതിൽ ഒരു ഭീഷണിയില്ലേ, ഒരു യുവാവ് അല്ലെങ്കിൽ പ്രൊഫഷണൽ ഞങ്ങൾക്കെതിരെ മത്സരിച്ചാൽ ഇതൊക്കെയായിരിക്കും അനുഭവം എന്ന ഭീഷണികൂടി ഇതിലില്ലേ...’–- എന്നിങ്ങനെ ദയ പാസ്കൽ ചോദിച്ച ഓരോ ചോദ്യവും സമൂഹമാധ്യമങ്ങൾ ആവർത്തിക്കുന്നു.

‘നിങ്ങൾ വിധേയരായിക്കൊള്ളൂ... വിദ്യാസമ്പന്നരായ ചെറുപ്പക്കാരുള്ള മണ്ഡലമാണ് തൃക്കാക്കര. അവർക്കിടയിലേക്കാണ് കോൺഗ്രസ് സൈബർ ഹാൻഡിലുകൾ ഈ പണി നടത്തുന്നത്. മറുപടി നൽകാൻ ജനങ്ങൾക്കറിയാം. തൃക്കാക്കരയ്‌ക്ക് നന്നായി അറിയാം. കാത്തിരുന്നോളൂ...’ എന്നു പറഞ്ഞാണ് ചർച്ച അവസാനിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top