27 April Saturday

നഗരമാലിന്യ സംസ്‌കരണം : ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


തിരുവനന്തപുരം
മാലിന്യസംസ്‌കരണവും സാനിറ്റേഷൻ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.  മാലിന്യ നിർമാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിർദേശങ്ങളും നൽകി ചുമതലകൾ നിർവഹിക്കാൻ നഗരസഭകളെ പ്രാപ്തമാക്കാൻ പദ്ധതിയിലൂടെ കഴിയും. 

ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്‌ ബാങ്കും സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ അടങ്കൽതുകയായ 2100 കോടിയുടെ 50 ശതമാനവും നഗരസഭകൾക്ക് നേരിട്ട് ലഭ്യമാകും. അതിന്റെ 40 ശതമാനം നഗരസഭകൾക്കു കൈമാറാൻ പ്രാരംഭനടപടികളുമായി മുന്നോട്ടുപോകുകയാണ്. പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച്‌ 93 നഗരസഭയും ശുചിത്വമിഷനുമായി ഉടമ്പടി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.  പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങൾക്കും അഞ്ചുവർഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികൾ തയ്യാറാക്കാനുള്ള സഹായവും ബഹുവർഷ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആവശ്യമായ ഉപദേശങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.

പാരിസ്ഥിതിക സാമൂഹിക ചട്ടക്കൂടുകൾക്കുള്ളിൽനിന്ന്‌ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുക. വികേന്ദ്രീകൃത -കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മേഖലാതലത്തിൽ സൃഷ്ടിക്കുന്ന കേന്ദ്രീകൃത മാലിന്യ പരിപാലന കേന്ദ്രങ്ങളുടെയും സാനിറ്ററി ലാൻഡ്ഫിൽ സൈറ്റുകളുടെയും നിർമാണ മേൽനോട്ട ചുമതലകൾ ശുചിത്വ മിഷനായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും ആരംഭിക്കും. ഇ -വേസ്റ്റ്, കെട്ടിടങ്ങൾ പൊളിക്കുമ്പോഴുള്ള മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാനും സംവിധാനമൊരുക്കും. നഗരങ്ങളിലെ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിൽ വർഷങ്ങളായി സംസ്‌കരിക്കാതിരിക്കുന്ന ജൈവ-, അജൈവ മാലിന്യങ്ങൾ ബയോമൈനിങ്‌ നടത്തി സംസ്‌കരിക്കും. കൊച്ചി ബ്രഹ്മപുരത്ത് ഇതിന്റെ പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ മോഡൽ തുംബൂർമുഴി മാലിന്യ പരിപാലന സംവിധാനം പോലുള്ള മാതൃകകൾ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മാർച്ചോടെ  കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി പൂർണസജ്ജമായി പ്രവർത്തിക്കുമെന്നും  മന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top