19 April Friday

തന്ത്രങ്ങള്‍ പാളി ഒടുവില്‍ അധിക്ഷേപം ; യുഡിഎഫ്‌ ക്യാമ്പുലയുന്നു

പ്രത്യേക ലേഖകൻUpdated: Wednesday May 18, 2022


കൊച്ചി
തൃക്കാക്കരയിൽ യുഡിഎഫിന്റെ പരിഭ്രാന്തിയുടെ ആഴം എത്രയെന്നു വ്യക്തമാക്കുകയാണ്‌ മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ അധിക്ഷേപ വാക്കുകൾ. വിവാദങ്ങളും നുണപ്രചാരണങ്ങളുംകൊണ്ട്‌ ജയിച്ചുകയറാമെന്ന മോഹം തുടക്കത്തിലേ പൊലിഞ്ഞ യുഡിഎഫ്‌, മുഖ്യമന്ത്രിയുടെ വരവോടെ കൂടുതൽ പ്രതിരോധത്തിലായി. ഇതിന്റെ ദൃഷ്‌ടാന്തമാണ്‌ പ്രതിപക്ഷനേതാവിന്റെ നുണപ്രചാരണവും കെപിസിസി അധ്യക്ഷന്റെ തരംതാണ വാക്കുകളും. പാളയത്തിലെ പടയും സ്ഥാനാർഥിമോഹികളുടെ ബാഹുല്യവും തടയാൻ പി ടി തോമസിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയെങ്കിലും യുഡിഎഫ്‌ ജില്ലാ ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയും പരസ്യമായി പ്രതിഷേധിച്ചതോടെ തുടക്കം മോശമായി. 

എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ തൃക്കാക്കരയുടെ ഹൃദയപക്ഷം ചേർന്നതോടെ യുഡിഎഫ്‌ ക്യാമ്പ്‌ വീണ്ടും കടുത്ത നിരാശയിലായി. സ്ഥാനാർഥിയെ പ്രഖ്യാപിച്ച രീതിയെയും സഭയുടെ നോമിനിയെന്നും ആക്ഷേപിച്ച്‌ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും രംഗത്തുവന്നു. എന്നാൽ, അതൊന്നും ഏശാതെ എൽഡിഎഫ്‌ ഉന്നയിച്ച വികസനചർച്ചയിലേക്ക്‌ തെരഞ്ഞെടുപ്പുരംഗം കേന്ദ്രീകരിച്ചതോടെ നട്ടാൽകുരുക്കാത്ത നുണകളുമായി പ്രതിപക്ഷനേതാവ്‌ ഇറങ്ങി. ഗോശ്രീ പാലം വരുന്നതിനെതിരെ ഇടതുപക്ഷം കേസ്‌ കൊടുത്തുവെന്നും മെട്രോ റെയിലിനെതിരെ സമരം ചെയ്‌തുവെന്നുമൊക്കെ തട്ടിവിട്ട പ്രതിപക്ഷനേതാവിനെതിരെ ഗോശ്രീ ആക്‌ഷൻ കൗൺസിൽപോലും രംഗത്തുവന്നു. മെട്രോ റെയിലിന്‌ അനുമതിക്കായും നിർമാണച്ചുമതല ഇ ശ്രീധരനെ ഏൽപ്പിക്കാനുമാണ്‌ ഇടതുപക്ഷം സമരം ചെയ്‌തതെന്നും അതിന്റെ ചിത്രങ്ങൾ സഹിതം തെളിവുമായി മന്ത്രി പി രാജീവും രംഗത്തുവന്നതോടെ പ്രതിപക്ഷനേതാവിന്‌ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവന്നു. 

പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ തൃക്കാക്കരയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലമാകെ ഇളക്കിമറിച്ചതോടെ യുഡിഎഫ്‌ ക്യാമ്പ്‌  വീണ്ടും ഉലഞ്ഞു. സംസ്ഥാനത്തും തൃക്കാക്കരയിൽ പ്രത്യേകിച്ചും നടപ്പാക്കിയതും നടപ്പാക്കുന്നതുമായ വികസനംതന്നെയാണ്‌ പ്രധാന ചർച്ചയെന്നും തൃക്കാക്കരയുടെ വികസനത്തിൽ നിങ്ങൾ ഏതു പക്ഷത്ത്‌ എന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യാനായി ശ്രമം. അതും പാളിയതോടെയാണ്‌ കെപിസിസി അധ്യക്ഷൻതന്നെ തന്റെ സ്ഥിരം ശൈലിയിൽ ‘മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ചുനടക്കുന്ന നായ’യെന്ന്‌ ആക്ഷേപിച്ചത്‌. ഇതിനെതിരെ തൃക്കാക്കര ജനത ചൊവ്വാഴ്‌ചതന്നെ പ്രതിഷേധിച്ചുവെന്നതാണ്‌ മണ്ഡലത്തിൽനിന്നുള്ള പുതിയ വാർത്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top