24 April Wednesday

ഇതാ മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃക

എം വി പ്രദീപ്‌Updated: Saturday Mar 18, 2023


തിരുവനന്തപുരം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യത്തോടെയും അതിദാരിദ്ര്യത്തിൽനിന്ന്‌ എല്ലാവരെയും മോചിപ്പിക്കാനുള്ള ദൃഢനിശ്‌ചയത്തോടെയും സംസ്ഥാനസർക്കാർ മുന്നേറുമ്പോൾ അതിൽ പങ്കാളിയാകേണ്ടേ എന്ന ചിന്തയിലായിരുന്നു എൻ മോഹനൻ നായരും ഭാര്യ പത്മദളവും. ഒടുവിൽ ഇരുവരും ആ തീരുമാനത്തിലെത്തി. സ്വന്തമായി വീടും ഭൂമിയുമില്ലാത്ത ഒരു കുടുംബത്തിന്‌ അഞ്ച്‌ സെന്റ്‌ ഭൂമിയും വീടും നൽകണം. രക്ഷിതാക്കളുടെ ആശയത്തെ അഭിനന്ദിച്ച്‌ മക്കളും ഒപ്പംകൂടി.

ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ ആറ്റിങ്ങൽ മാമത്ത്‌ നൽകിയ സ്വീകരണത്തിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി എം വി ഗോവിന്ദൻ പുരയിടത്തിന്റെ പ്രമാണം മോഹനൻ നായരുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ നിർധനനായ മണമ്പൂർ കവലയൂരിലെ രാജന്‌ കൈമാറി.
രാജനും ഭാര്യയും രണ്ട്‌ മക്കളുമടങ്ങുന്ന കുടുംബം പതിറ്റാണ്ടുകളായി വാടക വീട്ടിലാണ്‌ കഴിയുന്നത്‌.  കോവിഡ്‌ കാലത്ത്‌ വാടകപോലും നൽകാനില്ലാതെ കഷ്ടപ്പെട്ടിരുന്നു. ഹൃദയംനിറഞ്ഞ സന്തോഷത്തോടെയാണ്‌ രാജൻ പ്രമാണം ഏറ്റുവാങ്ങിയത്‌.

സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സെക്രട്ടറിയും അഭിഭാഷകനുമാണ്‌ എൻ മോഹനൻ നായർ.  ഭാര്യ പത്മദളം റിട്ട. അധ്യാപികയാണ്‌. മുമ്പും നിരവധി പേർക്ക്‌  വീട്‌ വയ്‌ക്കാൻ മോഹൻനായർ സഹായം ചെയ്‌തിട്ടുണ്ടെങ്കിലും വീടും ഭൂമിയും നൽകുന്നത്‌ ആദ്യമാണ്‌. മകന്റെ വിവാഹാഘോഷം ഒഴിവാക്കി ആ തുക സാന്ത്വന പരിചരണ സ്ഥാപനമായ ഇ കെ നായനാർ സ്‌മാരക ചാരിറ്റബിൾ ട്രസ്‌റ്റിന്‌ കൈമാറിയും ഇരുവരും മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃക കാട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top