28 March Thursday

ധീരോജ്വലം ; രക്തസാക്ഷി... നീ മഹാമേരു

സ്വന്തം ലേഖകർUpdated: Wednesday Jan 12, 2022

ധീരജ്‌ രാജേന്ദ്രന്റെ മൃതദേഹം സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ കമ്മറ്റി ഓഫീസായ ഇ എം എസ്‌ മന്ദിരത്തിൽ എത്തിച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന ജനാവലി ഫോട്ടോ: പി ദിലീപ്‌കുമാർ


കണ്ണൂർ/ഇടുക്കി
രക്തപുഷ്‌പങ്ങളുമായി കാത്തുനിന്ന പതിനായിരങ്ങൾ സാക്ഷി. ധീരജ്‌ അമരത്വത്തിലേക്ക്‌. അനേക കാതം പടർന്ന കണ്ണീർപാതയിലൂടെ, ഉരുക്കുമുഷ്‌ടികൾക്കിടയിലൂടെ ധീരജിന്റെ മൃതദേഹം വഹിച്ച വിലാപയാത്ര ഇടുക്കി മുതൽ കണ്ണൂർ തളിപ്പറമ്പുവരെ കടന്നുപോയപ്പോൾ നാടാകെ യാത്രാമൊഴിയേകി. കെഎസ്‌യു–- കോൺഗ്രസ്‌ അക്രമികൾ കുത്തിവീഴ്‌ത്തിയ ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജ്‌ രാജേന്ദ്രനെ ഒരുനോക്ക്‌ കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും പാതയോരങ്ങളിൽ തടിച്ചുകൂടിയത്‌ വൻ ജനാവലി.

മൃതദേഹം രാത്രി ഒന്നോടെ തളിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു. പട്ടപ്പാറയിലെ വീടിനുസമീപത്ത്‌ സിപിഐ എം വാങ്ങിയ സ്ഥലത്ത് ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. സഹോദരൻ അദ്വൈത്‌ ചിതയ്‌ക്ക്‌ തീകൊളുത്തി. ചേതനയറ്റ്‌ ധീരജെത്തുമ്പോൾ അവന്റെ പ്രിയപ്പെട്ട ‘അദ്വൈത’ത്തിൽ നിലവിളികൾ അലമുറയായി. അച്ഛൻ രാജേന്ദ്രന്റെയും അമ്മ പുഷ്‌കലയുടെയും സഹോദരൻ അദ്വൈതിന്റെയും വിലാപം കൂടിനിന്നവരെയാകെ കണ്ണീരിൽ മുക്കി.


 

പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം ഏറെ വൈകിയാണ്‌ ഇടുക്കിയിൽനിന്ന് വിലാപയാത്ര ആരംഭിച്ചത്. നേതാക്കൾ, ബന്ധുക്കൾ എന്നിവർ ചേർന്ന്‌ മൃതദേഹം ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, കെ ജെ തോമസ്‌, സംസ്ഥാന കമ്മിറ്റിയംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ധീരജിന്റെ കലാലയമായ പൈനാവ്‌ എൻജിനിയറിങ്‌ കോളേജിലെ പൊതുദർശനത്തിന് ശേഷം കണ്ണൂരിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top