29 March Friday

ജ്വല്ലറിത്തട്ടിപ്പ്‌ : നിക്ഷേപകർക്ക്‌ നൽകിയത്‌ വ്യാജ സർട്ടിഫിക്കറ്റ്‌; പാണക്കാട്ട്‌ ഇന്ന്‌ അടിയന്തര യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള  ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ ആസൂത്രണത്തിന്റെ   കൂടുതൽ തെളിവ്‌ പുറത്തുവരുന്നു. ഒരേ മേൽവിലാസത്തിൽ അഞ്ച്‌ കമ്പനികൾ   രജിസ്‌റ്റർ ചെയ്‌തെങ്കിലും അതിലൊന്നും പെടാത്ത സ്ഥാപനത്തിന്റെ പേരിൽ പ്രവാസികൾക്ക്‌  നിക്ഷേപ സർട്ടിഫിക്കറ്റ്‌ നൽകിയത്‌. എല്ലാ കമ്പനികൾക്കും ഫാഷൻ എന്ന വാക്ക്‌ പൊതുവായി ഉപയോഗിച്ചതിനാൽ വ്യാജകമ്പനിയെ  നിക്ഷേപകർക്ക്‌ തിരിച്ചറിയാനുമായില്ല. 

കുവൈത്തിൽ ജോലി ചെയ്യുന്ന കാസർകോട്‌ തൈക്കടപ്പുറത്തെ ബാലനിൽനിന്ന്‌ 1.80 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റിൽ ഫാഷൻ ഗോൾഡ്‌ മഹൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നാണ്‌ രേഖപ്പെടുത്തിയത്‌. എന്നാൽ അങ്ങനെയൊരു സ്ഥാപനം എംഎൽഎയ്‌ക്കില്ല.  ഫാഷൻ ഗോൾഡ്‌ ചെയർമാനായ എം സി ഖമറുദ്ദീൻ 2007ൽ കുവൈത്തിൽ വച്ചാണ്‌ ബിസിനസിൽ പങ്കാളിയാവാൻ ഇയാളെ പ്രേരിപ്പിച്ചത്‌. ‌ ബാലൻ  ഭാര്യയുടെ പേരിലാണ്‌ തുക നിക്ഷേപിച്ചത്‌.  ലാഭവിഹിതമായ 90,000 രൂപ  2015ൽ  ഗോൾഡ്‌ സ്‌കീമിൽ ഉൾപ്പെടുത്തിയതായും അറിയിച്ചു. ഒരു രൂപപോലുംതിരിച്ചു നൽകിയില്ല.

കാസർകോട്ടെ സ്ഥാപനങ്ങൾക്ക്‌ പുറമെ യുഎഇയിലെ അജ്‌മാനിൽ ഫാഷൻ ഗോൾഡ്‌ തുടങ്ങി മുസ്ലിംലീഗുമായി ബന്ധമുള്ള പ്രവാസി സംഘടനയുടെ സഹായത്തോടെ നിരവധിപേരിൽനിന്ന്‌ നിക്ഷേപം സ്വീകരിച്ചതും പുറത്തുവരുന്നുണ്ട്‌. പണം നഷ്ടമായെന്ന്‌ ഉറപ്പായിട്ടും പലരും പരാതി നൽകിയില്ല. പലരും ഒത്തുതീർപ്പിലൂടെ പ്രശ്‌നം തീർക്കാൻ ശ്രമിക്കുകയാണ്‌.
ആറ്‌ വർഷത്തിനിടെ  രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിന്‌ (ആർഒസി )  കീഴിൽ അഞ്ച്‌ കമ്പനികൾ രൂപീകരിച്ചിട്ടും 50 രൂപയുടെ മുദ്രക്കടലാസിൽ കരാറുണ്ടാക്കിയാണ്‌ സാധാരണക്കാരിൽനിന്ന്‌ കോടികൾ സ്വീകരിച്ചത്‌. ജ്വല്ലറി  വഴി പരമാവധി പണം സമാഹരിച്ചശേഷമാണ്‌ 2016ൽ  ടി കെ പൂക്കോയതങ്ങളും ഖമറുദ്ദീനും മാത്രമായി ഫാഷൻ റിയാൽറ്റേഴ്‌സ്‌ എന്ന കമ്പനി തുടങ്ങുന്നത്‌. ബംഗളൂരുവിലാണ്‌ അതിന്റെ ആസ്‌തികൾ.

മംഗളൂരു സ്വർണക്കടത്ത്: എംഎൽഎയെ ചോദ്യം ചെയ്യും
ഏഴ്‌ വർഷംമുമ്പ്‌ മംഗളൂരുവിൽനിന്ന്‌  സ്വർണം കടത്തിയ സംഭവത്തിൽ  മുസ്ലീംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യും.  യുഡിഎഫ്‌ ഭരണ കാലത്ത്‌ കരകൗശല വികസന കോർപ്പറേഷൻ ചെയർമാനായിരിക്കെ 2013 മെയ് 17ന് രാത്രി ഔദ്യോഗിക വാഹനത്തിൽ സ്വർണം കടത്തിയെന്നാണ്‌  ആരോപണം. 

രാത്രി എട്ടിന്‌  മംഗളൂരുവിൽ നിന്ന്‌ ദുരൂഹ സാഹചര്യത്തിൽ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക്‌ വന്ന കോർപ്പറേഷന്റെ ഔദ്യോഗിക ഇന്നോവ കാർ പൊലീസ് തടഞ്ഞു. ഡ്രൈവറെ കൂടാതെ ഖമറുദ്ദീനും  രണ്ട് ജ്വല്ലറി ജീവനക്കാരുമായിരുന്നു കാറിലുണ്ടായത്‌.  കാർ നിർത്തിയെങ്കിലും പരിശോധിക്കാൻ  അനുവദിച്ചില്ല. പടിച്ചിട്ട കാർ, ഉന്നത ഇടപെടലിനെ തുടർന്ന്  വിട്ടു. കാസർകോട്‌ എത്തിയ കാർ കറന്തക്കാട് ജങ്ഷനിൽ സിഐയുടെ സാന്നിധ്യത്തിൽ വീണ്ടും തടഞ്ഞു. അപ്പോൾ    ജ്വല്ലറി ജീവനക്കാരിൽ ഒരാളേ കാറിൽ ഉണ്ടായുള്ളൂ. കാസർകോട്‌ എത്തുന്നതിന്‌ മുമ്പ്‌, ഇനിയും പരിശോധന ഉണ്ടാകുമെന്ന സൂചന ലഭിച്ചതിനാൽ സ്വർണം മറ്റൊരു കാറിലേക്ക് മാറ്റിയെന്നാണ്‌ അന്ന്‌ പുറത്തുവന്ന വിവരം. മംഗളൂരു വിമാനത്താവളം വഴിയെത്തുന്ന സ്വർണം കടത്താൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ്‌ കാർ പരിശോധിച്ചത്‌. മെയ് 22ന് എംഎൽഎ ചെയർമാനായ ജ്വല്ലറിയുടെ  കാസർകോട് ഷോറൂമിൽ 2.5 കിലോ സ്വർണം വരവ് വച്ചതായി കണ്ടെത്തിയിരുന്നു.  കേസെടുത്തെങ്കിലും യുഡിഎഫ്‌ സർക്കാരായതിനാൽ സമ്മർദ്ദത്തെ തുടർന്ന്‌  തേച്ചുമായ്‌ച്ചുകളഞ്ഞു. 

അന്ന്‌ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായിരുന്നു ഖമറുദ്ദീൻ. റെയ്ഡിന് നേതൃത്വം നൽകിയ സിഐയെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റി.

14 കേസുകൂടി
മുസ്ലിംലീഗ്‌ നേതാവ്‌ എം സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ബുധനാഴ്ച  14 കേസുകൂടി രജിസ്‌റ്റർ ചെയ്‌തു.  ചന്തേര സ്റ്റേഷനിൽ 26ഉം കാസർകോട്‌  അഞ്ചും ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ടും ഉൾപ്പെടെ 33 കേസാണ് ഇതുവരെ  രജിസ്റ്റർ ചെയ്തത്. മൂന്നുകോടി എൺപത്തിനാലു ലക്ഷം രൂപയും 68 പവനും തട്ടിയെടുത്തതായാണ്‌ ഇവരുടെ പരാതിയിൽ പറയുന്നത്‌. ഫാഷൻ ഗോൾഡ് ജ്വല്ലറി കാസർകോട്‌, പയ്യന്നൂർ, ചെറുവത്തൂർ  ബ്രാഞ്ചുകളിൽ  നിക്ഷേപം നൽകിയവരാണ് കൂട്ടത്തോടെ പരാതി നൽകിയത്. 

സംസ്ഥാനത്താദ്യമാണ് ഒരു എംഎൽഎക്കെതിരെ ഇത്രയധികം കേസുകൾ. അന്വേഷണത്തിൽ  കാസർകോട്ടെ  ലീഗ്‌ നേതാക്കളുടെ  നിരവധി തട്ടിപ്പുകളും  പുറത്തുവരുന്നുണ്ട്‌. വിവാദമായ വഖഫ് ഭൂമി ഇടപാട്, മംഗളൂരുവിൽനിന്നുള്ള സ്വർണക്കടത്ത്,  വ്യാജ കമ്പനിയുടെ പേരിൽ നിക്ഷേപ സമാഹരണം, വണ്ടിച്ചെക്ക്, വ്യാജ രേഖ ചമച്ച് ഭൂമി കൈമാറ്റം തുടങ്ങിയവ ഇതിനകം ചർച്ചയായി. 

പാണക്കാട്ട്‌ ഇന്ന്‌ അടിയന്തര യോഗം
സ്വർണത്തട്ടിപ്പ് വൻവിവാദമായ സാഹചര്യത്തിൽ വ്യാഴാഴ്‌ച പാണക്കാട്ട്‌ മുസ്ലീംലീഗിന്റെ അടിയന്തിര നേതൃയോഗം ചേരും. ഖമറുദ്ദീനെ എംഎൽഎ സ്ഥാനത്തു നിന്ന്‌ രാജിവയ്‌പിച്ച്‌ പാർടിയുടെ മുഖം രക്ഷിക്കണമെന്നാണ്‌  കാസർകോട്‌ ജില്ലാനേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ മുതിർന്ന നേതാക്കളും എം സി ഖമറുദ്ദീനും ജില്ലയിലെ മറ്റു ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top