20 April Saturday

കണ്ണടയ്‌ക്കാതെ 
‘കോടിയേരി’ ; പ്രിയപുത്രന്‌ ജന്മനാടിന്റെ വിട

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

തലശേരി
കോടിയേരി ഈങ്ങയിൽപീടികക്കടുത്ത ‘കോടിയേരി’ വീട്ടിൽ കേരളം നിറയുകയായിരുന്നു. ഒറ്റക്കും കൂട്ടായും പാതിരാത്രിയെന്നോ, പുലർച്ചെയെന്നോ ഇല്ലാതെ  സ്വന്തം വീട്ടിലെ അവസാനരാത്രിയിൽ കോടിയേരിയെ ഹൃദയത്തോട്‌ ചേർത്തുവച്ച്‌ നാട്‌ ഉറങ്ങാതിരുന്നു. വിതുമ്പലടക്കാനാകാതെ സങ്കടക്കടലായിരുന്നു ചുറ്റിലും. ജനസഹസ്രങ്ങൾ ഞായർ രാത്രി മുതൽ വേർപാടിന്റെ തീരാവേദന ഉള്ളിലടക്കി കോടിയേരിയുടെ പാദസ്‌പർശം പതിഞ്ഞ മണ്ണിലൂടെ പ്രിയസഖാവിന്‌ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി. രാഷ്‌ട്രീയനേതാക്കൾ, ചലച്ചിത്രതാരങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, തൊഴിലാളികൾ, നാട്ടുകാർ ഓരോരുത്തർക്കും പറയാൻ ഒരായിരം അനുഭവങ്ങൾ, ഓർമകൾ. ഇനി കാണാനാവില്ലല്ലോ എന്ന വേദന പലരുടെയും വാക്കുകളിൽ. 

രാവിലെ പത്തോടെ പൊലീസ്‌ബ്യൂഗിൾ മുഴക്കി ഗാർഡ്‌ഓഫ്‌ ഓണർ നൽകി. കുടുംബാംഗങ്ങൾ അവസാനമായി കാണാനെത്തിയത്‌ അത്യന്തം വികാരനിർഭരമായിരുന്നു. മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ്‌ ഭാര്യ വിനോദിനിയെത്തിയത്‌. ഫ്രീസറിന്‌ മുകളിൽ മുഖം ചേർത്ത്‌ ‘പോകല്ലേ ബാലകൃഷ്‌ണേട്ടാ...’ എന്ന പൊട്ടിക്കരച്ചിൽ കണ്ടുനിന്നവരിൽ നോവായിപ്പടർന്നു.

കണ്ണീരോടെ വിട
വഴിയിൽ കാത്തുനിന്നവർ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു. ഒരു നോക്ക്‌ കാണാൻ വഴിനീളെ ജനസാഗരം. പൂക്കൾ വിതറിയ വീതിയിലൂടെ പയ്യാമ്പലത്തേക്ക്‌. ആംബുലൻസിൽ മക്കളായ ബിനോയിയും ബിനീഷും സ്‌പീക്കർ എ എൻ ഷംസീർ, എം സ്വരാജ്‌, ടി വി രാജേഷ്‌, വത്സൻ പനോളി, കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ, സന്തത സഹചാരി എം  കെ റിജു എന്നിവർ.  കോടിയേരിയുടെ നിരന്തര ശ്രമഫലമായി പ്രവൃത്തിതുടങ്ങിയ തലശേരി–-മാഹി ബൈപാസിനരികിലൂടെ തലശേരിയിലേക്ക്‌. പൈതൃകടൂറിസം പദ്ധതിയിൽ കോടിയേരി വികസിപ്പിച്ച സെന്റിനറിപാർക്കും സ്ഥാപക പ്രസിഡന്റായ തലശേരി കോ–-ഓപ്പറേറ്റീവ്‌ ആശുപത്രിയും കടന്ന്‌ റോഡിനിരുവശവും കാത്തുനിന്ന ജനസഞ്ചയത്തിനിടയിലൂടെ മുന്നോട്ട്‌.


 

വേദനയോടെ കുരുന്നുകൾ
അച്ഛാച്ചാ പോവേണ്ട. അച്ഛാച്ചാ ... നിത്യനിദ്രയിലാണ്ട കോടിയേരിയെ വിളിച്ചുള്ള പേരക്കുട്ടികളുടെ വിലാപം കണ്ടുനിന്നവരെപ്പോലും കണ്ണീരണയിക്കുന്നതായിരുന്നു. കാർത്തിക്കും വിനായകും ഭദ്രയും ഭാവനിയും പ്രിയപ്പെട്ട അച്ഛാച്ചനെ പലവട്ടം വിളിച്ചിട്ടും കണ്ണുതുറന്നില്ല. ഇനി ഇവരെ ലാളിക്കാനും ഒപ്പം നടത്താനും കോടിയേരിയില്ല. കോടിയേരിയുടെ കണ്ണനും കിട്ടുവും വാവച്ചിയുമായിരുന്നു ഈ കുരുന്നുകൾ.

അവസാനമായി കോടിയേരിയെ കാണാൻ കുടുംബമെത്തിയത്‌ അത്യന്തം വികാരനിർഭരമായിരുന്നു. ഭാര്യ വിനോദിനി, മക്കളായ ബിനോയി, ബിനീഷ്‌, മരുമക്കളായ അഖില, റെനീറ്റ എന്നിവർക്കൊപ്പമാണ്‌ കുട്ടികളുമെത്തിയത്‌. അച്ഛാച്ചനെ വിളിക്ക്‌ മക്കളെയെന്ന വിനോദിനിയുടെ നിലവിളി ആരുടെയും കരളലിയിക്കുന്നതായിരുന്നു.  പൊതുപ്രവർത്തന തിരക്കിനിടയിൽ അപൂർവമായി വീണുകിട്ടുന്ന ഇടവേളകളിൽ വീട്ടിലെത്തിയാൽ കോടിയേരിക്ക്‌ ചുറ്റുമായിരുന്നു കുട്ടികൾ. തെരഞ്ഞെടുപ്പ്‌ ദിവസം പോളിങ്‌ ബൂത്തിൽ പോകുമ്പോഴും കൈപിടിച്ച്‌ ഒപ്പമുണ്ടാവും. സന്ദർശകർക്കിടയിലിരുന്നുള്ള സംസാരത്തിനിടയിൽ കോടിയേരിയുടെ ഭക്ഷണവും മരുന്നും തെറ്റുമ്പോഴും കുട്ടികളായിരുന്നു ഓർമിപ്പിച്ചിരുന്നത്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top