20 April Saturday

ഏലിയാമ്മ അനാഥയായില്ല; മൃതദേഹം സംസ്‌‌കരിക്കാൻ മക്കളായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

ഇരവിപേരൂർ > സഹായത്തിനാരുമില്ലാത്ത വൃദ്ധയുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി. മുട്ടിനുപുറം തലക്കേരിൽ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (85) വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മരിച്ചത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു. കോവിഡ് കാലമായതുകൊണ്ട് സഹായത്തിനാരും എത്തിയില്ല. മാന്യമായ സംസ്കാരത്തിനായി മോനച്ചൻ പലരോടും സഹായാഭ്യർഥന നടത്തി. കോവിഡ് ഭയന്നാവണം അയൽവാസികൾ പലരും എത്തിനോക്കി മടങ്ങി.നാട്ടുകാർ വിവരമറിയിച്ചിട്ടും ഉപേക്ഷിച്ചു പോയ മക്കളും വന്നില്ല.

പള്ളിയിൽ പോകാത്തത്‌ കൊണ്ട്‌ അവരും വന്നില്ല. ഉച്ചയായിട്ടും ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് പഞ്ചായത്തംഗമായ എ ടി ജയപാലൻ പഞ്ചായത്ത് പ്രസിഡന്റ്‌ എം ടി അനസൂയാദേവിയെ വിവരം അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തക കൂടിയായ അനസൂയാദേവി ഓതറ ആൽത്തറ യൂണിറ്റ് സെക്രട്ടറി സുരാജ് സോമനുമായി ബന്ധപ്പെട്ടു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. യൂണിറ്റ് പ്രസിഡന്റ്‌ രാജേഷ്, ബിനീഷ് മോഹൻ, അശ്വിൻ മനാഹർ, പി അശ്വിൻ, അഭിരാം, അഖിൽ സാനു എന്നിവർ ഏലിയാമ്മയുടെ വീട്ടിലെത്തി. ലോക്ക് ഡൗൺ കാലത്ത് വൃദ്ധരായ ഇരുവർക്കും പഞ്ചായത്തിന്റെ കമ്യൂണിറ്റി അടുക്കളയിൽ നിന്നുള്ള ഭക്ഷണം എത്തിച്ചു നൽകിയത്‌ മുതലുള്ള ബന്ധമാണ് ഈ വീടുമായി. ശവശരീരം ശുചിയാക്കൽ മുതലുള്ള ജോലികൾ യുവാക്കൾ ഏറ്റെടുത്തു. വൈകുന്നേരത്തോടെ പഞ്ചായത്ത് ആംബുലൻസിൽ  കോഴിമലയിലെ പൊതുശമ്ശാനത്തിൽ എത്തിച്ച മൃതദേഹം യുവാക്കളുടെ നേതൃത്വത്തിൽ തന്നെയാണ് സംസ്കരിച്ചത്. എല്ലാറ്റിനും നേതൃത്വം കൊടുത്ത് പ്രസിഡന്റിനൊപ്പം സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ എൽ പ്രജിതയും പഞ്ചായത്തംഗം ജയപാലനും നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top