26 April Friday
കർമ പദ്ധതിയുമായി പൊലീസും എക്‌സൈസും

ഒന്നിച്ച്‌ പറയും; ‘നോ ഡ്രഗ്‌സ് ’

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

 പത്തനംതിട്ട

അധ്യയന വർഷാരംഭത്തിന്‌ മുന്നോടിയായി വിപുലമായ പ്രവർത്തനങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ. അധ്യയന വർഷം കുറ്റമറ്റതാക്കാൻ വേണ്ട ക്രമീകരണങ്ങൾ ജില്ലയിൽ ഒരുങ്ങി കഴിഞ്ഞു. മറ്റെല്ലാ പ്രവർത്തനങ്ങൾക്കൊപ്പവും സ്‌കൂൾ വിദ്യാർഥികളെ   ലഹരി മാഫിയയിൽനിന്ന്‌ മോചിപ്പിക്കാൻ കൃത്യമായ ഇടപെടലുകൾക്കാണ്‌ തുടക്കം കുറിക്കുന്നത്‌.  
  പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പൂർത്തിയായി. വിദ്യാർഥികളിലേയ്‌ക്ക്‌ ലഹരി എത്തുന്നത്‌ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ മുന്നൊരുക്കത്തിന്റെ ഭാഗമായി പൂർത്തിയാക്കിയത്‌. 
     എക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളുടെയും സമീപമുള്ള കടകളിൽ പരിശോധന നടത്തി. ജില്ലയിൽ ബ്ലാക്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള സ്‌കൂളുകളുടെ എണ്ണം കുറവാണെങ്കിലും ഇവയുടെ പരിസരത്ത്‌ പ്രത്യേക പരിശോധന തന്നെ നടത്തി. ഇവിടെ  എക്‌സൈസിന്റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി. മാടക്കടകൾ അടക്കമുള്ള കടകളിൽ ഒരു തരത്തിലുള്ള ലഹരി വസ്‌തുവും സൂക്ഷിക്കുന്നില്ല എന്ന്‌ ഉറപ്പാക്കിയിട്ടുണ്ട്‌. ക്ലാസ്‌ ആരംഭിക്കുന്ന മുറയ്‌ക്ക്‌ ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനം പുനരാരംഭിക്കും. വിമുക്തിയുടെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സ്‌കൂൾ തുറന്നതിന്‌ ശേഷം ഏറ്റെടുക്കും.
  പൊലീസിന്റെ നേതൃത്വത്തിൽ ഓരോ സബ്‌ ഡിവിഷന്‌ കീഴിലും സ്‌കൂളുകൾ നിരീക്ഷിക്കുന്നതിന്‌ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.   സ്‌കൂൾ പരിസരങ്ങളിൽ മഫ്‌തിയിൽ ഉൾപ്പടെ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. സ്‌കൂളുകളിലും സ്‌കൂൾ പരിസരങ്ങളിലുമുള്ള ക്യാമറകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്‌. ഈ ക്യാമറകൾ സ്ഥിരമായി പരിശോധിക്കും. കൂടുതൽ ആളുകൾ കൂടുന്ന കടകൾ, നേരത്തെ ലഹരിവസ്‌തുക്കൾ വിറ്റിരുന്ന കടകൾ എന്നിവയുടെ പട്ടിക തയാറാക്കി നിരീക്ഷിക്കുന്നുണ്ട്‌. സ്‌കൂളിൽ പുറത്ത്‌ നിന്നെത്തുന്ന കുട്ടികളെയും അവർ ആരെ കാണാൻ എത്തുന്നെന്നും കർശനമായി നിരീക്ഷിക്കും. 
  സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റിന്റെ നേതൃത്വത്തിൽ യോദ്ധാവ്‌ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഹരി ഉപയോഗം തടയാനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും പൊലീസിന്റെ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്‌. എഐ ക്യാമറ വഴി പൊതുവായ നിരീക്ഷണം ഏർപ്പെടുത്താനും പ്രത്യേക സംഘത്തെ ഏർപ്പെടുത്തും. സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ തലങ്ങളിൽ സമിതികളും രൂപീകരിച്ചിട്ടുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top