20 April Saturday
അമിത ചൂഷണം വേണ്ട

ഭൂ​ഗര്‍ഭ ജലനിരപ്പ്‌ താഴേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

 പത്തനംതിട്ട

ജില്ലയിൽ ഭൂ​ഗർഭ ജലവിതാനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നു. കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പ് താഴുന്നു. കഴിഞ്ഞ പത്ത്‌ വർഷത്തിനകത്തെ ജലവിതാനകണക്കനുസരിച്ച് 0.5 മീറ്റർ മുതൽ ഒരു മീറ്റർ വരെ ജലനിരപ്പ് കുറഞ്ഞതായാണ് ഭൂ​ഗർഭ ജലവകുപ്പിന്റെ കണ്ടെത്തൽ. 2023 മാർച്ചിലെ ജലനിരപ്പും 10 വർഷം മുമ്പത്തെ ജലനിരപ്പുമായി താരതമ്യം ചെയ്ത കണക്കാണിത്. ജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിൽ 51 ശതമാനത്തിലും ജലനിരപ്പ് കുറഞ്ഞു. ഒരു മീറ്ററിൽ കൂടുതൽ ജലനിരപ്പ് കുറഞ്ഞത് നാല് ശതമാനം കിണറുകളിലാണ്. 15 ശതമാനം കിണറുകളിൽ ഒരു മീറ്ററിനും 0.50 മീറ്ററിനും ഇടയിൽ താഴ്ച രേഖപ്പെടുത്തി. 32 ശതമാനം കിണറുകളിൽ ജലനിരപ്പ് താഴ്ന്നത് 0.5 മീറ്ററിലും കുറവാണ്.  ജില്ലയുടെ കിഴക്കൻ മേഖലകളിലും വടക്ക് കിഴക്ക്, തെക്ക് കിഴക്ക്  മേഖലകളിലുമാണ് ജലനിരപ്പ് കുറയുന്നത്. 
പത്തു വർഷത്തെ ശരാശരി ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ 49 ശതമാനം കിണറുകളിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നതായും രേഖപ്പെടുത്തി. 2023 മാർച്ചിലെയും 2022 മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 59 ശതമാനം നിരീക്ഷണ കിണറുകളിലും ജലനിരപ്പ് ഉയർന്നു തന്നെ നില്‍ക്കുന്നു.   
ആശങ്ക സൃഷ്ടിക്കുന്ന കണക്കുകളല്ല ഇതെങ്കിലും ഭൂ​ഗർഭ ജലം അമിതമായി ചൂഷണം ചെയ്യുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്ന് അധികൃതർ പറഞ്ഞു. കുഴൽക്കിണറുകളിൽ 10 വർഷത്തെ ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ 88 ശതമാനം കിണറുകളിലും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 
ചൂട് കനക്കുന്നതോടെ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കുടിവള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. തദ്ദേശസ്ഥാപനങ്ങൾ നേരിട്ടും സന്നദ്ധ സംഘടനകൾ മുഖേനയും കുടിവെള്ളം എത്തിക്കാൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന്  ആവശ്യമായ ഫണ്ടും എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറി. അതത് തദ്ദേശസ്ഥാപനങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാനും ടാങ്കറുകളിൽ വെള്ളം എത്തിക്കാനും  പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലും ഉള്‍പ്രദേശങ്ങളിലുമാണ് കുടിവെള്ളത്തിന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇവ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നു. 
ജില്ലയിൽ താരതമേന്യ നല്ല വേനൽ മഴ ലഭിക്കുന്നതും പാടങ്ങൾ തരിശിടുന്നത്  കുറയുന്നതും ജലനിരപ്പിലും പ്രതിഫലിക്കുന്നതായി അധികൃതർ പറഞ്ഞു. കാർഷിക മേഖലയിൽ  ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനസർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ജില്ലയില്‍  വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. വീടുകളിൽ പോലും കൃഷിയിറക്കുന്ന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ച ജില്ല കൂടിയാണ്. ഇത് പൊതുവെയുള്ള മണ്ണിന്റെ ഈർപ്പത്തെയും ജലവിതാനത്തെയും പിടിച്ചുനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top